ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീംകോടതി. ചില നിബന്ധനകളോടെയാണിത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി. പുതുതായി ഭരണസമിതി രൂപവത്കരിക്കുന്നിടം വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയര്‍പേഴ്സണ്‍ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് രൂപവത്കരിക്കാം.

പുതിയ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചും സുപ്രീംകോടതി മാര്‍ഗനിര്‍ദേശം നല്‍കി. സമിതി രൂപീകരിക്കുമ്പോള്‍ അഹിന്ദുകള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.

Top