പത്മരാജനെക്കുറിച്ച് വാചാലനായി മലയാളിയുടെ പ്രിയതാരം അശോകന്‍. എന്നെ ഒരു നടനാക്കിയത് അദ്ദേഹമാണ്. അദ്ദേഹം തന്ന ആത്മവിശ്വാസമാണ് പിന്നെയും അഭിനയിക്കാന്‍ എനിക്ക് ധൈര്യം തന്നത്. പത്മരാജന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ പെരുവഴിയമ്പലത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളതും തന്റെ ഭാഗ്യമാണെന്ന് അശോകന്‍.
സിനിമയെപ്പറ്റി യാതൊന്നും അറിയില്ലാത്ത ഒരു പയ്യന്‍, നടനെ വേണം എന്ന പരസ്യം കണ്ടു ചെന്ന് പെട്ടതോ ഒരു അതുല്യ പ്രതിഭയുടെ മുന്നില്‍. മലയാള സിനിമയില്‍ ആരും കാണിക്കാത്ത ചങ്കൂറ്റം ആണ് അന്ന് അദ്ദേഹം കാണിച്ചത്. അഭിനയിക്കാന്‍ ചെന്ന സമയത്ത് ഒരു ധാരണയും ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും പിന്തുണയും ലഭിച്ചപ്പോള്‍ ഒക്കെ എളുപ്പമായി. അശോകന്‍ എന്ന നടനെ മലയാളികള്‍ അറിഞ്ഞത് പത്മരാജനിലൂടെയാണ്.
നട്ടെല്ലുള്ള ഒരു കലാകാരനായിരുന്നു പപ്പേട്ടന്‍, അന്നത്തെ എന്റെ രൂപത്തില്‍ ഉള്ള ഒരാളെ ആരും നായകനോ ഉപനായകനോ ആക്കില്ല. കച്ചവട മൂല്യമുള്ള സിനിമകള്‍ മാത്രം എടുക്കുന്ന ആള്‍ക്കാരുള്ള ഒരു സമൂഹത്തില്‍ പപ്പേട്ടന്‍ വ്യത്യസ്തനായിരുന്നു. പിന്നെ വന്ന ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം എനിക്കൊരു വേഷം കാത്തുവച്ചു. അദ്ദേഹത്തിന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ഞാനും ജഗതി ചേട്ടനും ആണ്.
തിങ്കളാഴ്ച നല്ല ദിവസം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തൂവാന തുമ്പികള്‍, മൂന്നാം പക്കം, സീസണ്‍, അദ്ദേഹം സ്‌ക്രിപ്റ്റ് എഴുതി മോഹന്‍ ഡയറക്റ്റ് ചെയ്ത ഇടവേള ഇതിലെല്ലാം മികച്ച കഥാപാത്രങ്ങള്‍ ആണ് ചെയ്യാന്‍ ഭാഗ്യം ഉണ്ടായതു. ഞാന്‍ ഒരു ഇമേജ് ഉണ്ടാക്കിയത് പപ്പേട്ടന്റെ സിനിമകളില്‍ കൂടി തന്നെയാണ്. അദ്ദേഹത്തിന്റെ ഓരോ കഥകളും വ്യത്യസ്തങ്ങളായിരുന്നെന്നും അശോകന്‍ പറയുന്നു.