കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാണെന്നും ബിജെപിയും ആരോപിക്കുന്നു.
പെണ്‍കുട്ടിക്ക് നീതി കിട്ടാന്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ല, ഇപ്പോള്‍ മേല്‍നോട്ട ചുമതലയുള്ള എഡിജിപി ജയരാജന്‍ വകുപ്പ് തല നടപടി നേരിട്ടയാളാണെന്നും ബിജെപി ആരോപിക്കുന്നു.
നേരത്തെ, ഐജി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്.
കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ പ്രതി പദ്മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.