സണ്ണി ലിയോണിനെ ആരാധിക്കുന്നിടത്ത്‌ പത്മാവദ് വിജയിച്ചതില്‍ അത്ഭുതം ഇല്ല : കര്‍ണിസേന

pathmavath-film

ന്യൂഡല്‍ഹി :വിവാദമായി മാറിയ സഞ്ജയ് ലീല ബെന്‍സാലിയുടെ ‘പത്മാവദ്’ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ചിത്രത്തെ പരിഹസിച്ച് കര്‍ണിസേന വീണ്ടും രംഗത്ത്. ചരിത്രകാരന്മാര്‍ പോലും ചിത്രം കണ്ടതിനു ശേഷം മികച്ച അഭിപ്രായം പറഞ്ഞതിനു പിന്നാലെയാണ് കര്‍ണിസേന വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. പത്മാവദില്‍, ചരിത്രത്തിന് കോട്ടം തട്ടുന്ന തരത്തിലോ, ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലോ ഒന്നുമില്ലെന്നായിരുന്നു ചിത്രം കണ്ട ചരിത്രകാരന്മാര്‍ വിലയിരുത്തിയത്.

എന്നാല്‍, സണ്ണി ലിയോണിനെ പോലും ആരാധിക്കുന്ന നാട്ടില്‍ ചിത്രം വിജയിച്ചതില്‍ അത്ഭുതം ഇല്ലെന്നാണ് കര്‍ണിസേന നേതാക്കള്‍ പറയുന്നത്. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് എങ്ങനെയാണ് അവര്‍ക്ക് പറയാന്‍ കഴിയുകയെന്നും കര്‍ണിസേനാ വക്താവ് വിജേന്ദ്ര സിംഗ് ചോദിച്ചു.

ഗര്‍ഭിണിയായ സ്ത്രീകള്‍ സതി ആചരിക്കാറില്ലായിരുന്നു. എന്നാല്‍ ചിത്രം മറിച്ചാണ് പറയുന്നത്. 55 കാരനായ അലാവുദ്ദീന്‍ ഖില്‍ജിക്കു പകരം 25കാരനായ ഖില്‍ജിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്തോര്‍ഗഡ് കോട്ടയുടെ വാതിലുകള്‍ ഖില്‍ജി ഒരിക്കലും തകര്‍ത്തിട്ടില്ല. പക്ഷേ, ചിത്രത്തില്‍ അങ്ങനെയാണ് കാണിക്കുന്നത്. ഇങ്ങനെ ചരിത്രത്തെ തെറ്റായി രേഖപ്പെടുത്തിയെന്നും വിജേന്ദ്ര സിംഗ് കുറ്റപ്പെടുത്തി. ജനുവരി 25ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ആറു ദിവസം കൊണ്ട് തന്നെ 110 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു.

Top