പത്മാവദ് മഹത്തായ ചിത്രം ; പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് കര്‍ണിസേന

ban-pathmavathy

ന്യൂഡല്‍ഹി: സജ്ഞയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദിനെതിരെ ഒരു വര്‍ഷമായി തുടരുന്ന സമരത്തില്‍ നിന്ന് കര്‍ണിസേന പിന്‍മാറുന്നു. ചിത്രം രജപുത്രരെ മോശമാക്കി ചിത്രീകരിക്കുന്നില്ലെന്ന് അറിഞ്ഞതോടെയാണ് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ കര്‍ണി സേന തയാറായത്. ഇതോടെ 2016 ജനുവരിയില്‍ ആരംഭിച്ച കോലാഹലങ്ങള്‍ക്കാണ് അവസാനമാകുന്നത്.

രാജ്പുത് കര്‍ണിസേനയുടെ നേതാക്കള്‍ മുംബൈയിലെ തിയേറ്ററില്‍ നിന്ന് ചിത്രം കണ്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ചിത്രത്തില്‍ രജ്പുത്രരെ മഹത്തായ രീതിയിലാണ് ചിത്രീകരിച്ചതെന്നും, എല്ലാ രാജ്പുത്രരും ഈ ചിത്രം കണ്ടുകഴിഞ്ഞാല്‍ അഭിമാനിക്കുമെന്നും ചിത്രം കണ്ട സേന നേതാക്കള്‍ പ്രതികരിച്ചു.

നേരത്തേ, പത്മാവദ് സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതും രജ്പുത് സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ച് രജ്പുത് കര്‍ണിസേന സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പത്മാവദിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിനിമ കണ്ട് തീരുമാനമെടുക്കാന്‍ ചരിത്രകാരന്‍മാരെ ഉള്‍പ്പെടുത്തി ഒരു പാനല്‍ രൂപീകരിക്കുകയും അവര്‍ തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് 26 രംഗങ്ങള്‍ വെട്ടിമാറ്റിയും പേര് പത്മാവത് എന്ന് മാറ്റിയുമാണ് ചിത്രം റിലീസ് ചെയ്തത്. എങ്കിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്ത തിയറ്ററുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി.

ദീപിക പദുകോണും, രണ്‍വീര്‍ സിങ്ങും, ഷാഹിദ് കപൂറും പ്രധാന വേഷത്തിലെത്തിയ ചിത്രം 150 കോടി ചെലവിലാണ് നിര്‍മ്മിച്ചത്. 16-ാം നൂറ്റാണ്ടില്‍ മാലിക് മുഹമ്മദ് ജയസി എഴുതിയ ‘പത്മാവദ്’ എന്ന പ്രശസ്ത കവിതയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

Top