പത്മാവതി വിവാദം ; തരൂരിനുള്ള മറുപടി രാജാക്കന്മാര്‍ നല്‍കണമെന്ന്‌ സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പദ്മാവതി സിനിമാ വിവാദങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്.

‘എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നില്‍ മുട്ടുകുത്തിയോ? ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതു സിന്ധ്യയും ദിഗ്‌വിജയ് സിങ്ങും അമരീന്ദറുമാണെന്നുമാണ്ന്നായിരുന്നു’ സ്മൃതിയുടെ മറുപടി.

ബ്രിട്ടിഷുകാര്‍ അഭിമാനം ചവിട്ടിയരയ്ക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര രാജാക്കന്‍മാര്‍’ ഇപ്പോള്‍ അഭിമാനക്ഷതമെന്നു പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

എന്നാല്‍, രജപുത്ര അഭിമാനം താന്‍ വ്രണപ്പെടുത്തിയെന്ന തരത്തിലുള്ള ബിജെപിക്കാരുടെ അവകാശവാദം വിസ്മയിപ്പിക്കുന്നെന്നും, ബ്രിട്ടിഷുകാരുമായി സന്ധിയിലായ മഹാരാജാക്കന്‍മാരുടെ കാര്യമാണു താന്‍ പറഞ്ഞതെന്നും, അല്ലാതെ സാമുദായികമായ ഒരു പരാമര്‍ശവും നടത്തില്ലെന്നും തരൂര്‍ പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി.

രജപുത്ര വിഭാഗത്തിന്റെ ആശങ്കകളെക്കുറിച്ചു വിശദീകരിച്ചപ്പോള്‍ ഇന്ത്യയുടെ നാനാത്വവും ഐക്യവും സംരക്ഷിക്കാന്‍ ജനങ്ങളുടെ ആശങ്കകളെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രജപുത്രരുടെ വീരം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും, അതിനെ ചോദ്യം ചെയ്യുകയല്ലെന്നും, അവരുടെ ആശങ്ക ബിജെപി പരിഗണിക്കണമെന്നും തരൂര്‍ വ്യക്തമാക്കി.

അതേസമയം, തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയിരുന്നു.

തരൂര്‍ ചരിത്രം പഠിക്കണമെന്നും താന്‍ ഭൂതകാലത്തില്‍ അഭിമാനം കൊള്ളുന്നുവെന്നുമാണ് ഗ്വാളിയോര്‍ രാജകുടുംബാംഗമായ സിന്ധ്യ കുറ്റപ്പെടുത്തിയത്.

Top