പ്രതിഷേധങ്ങള്‍ക്കിടെ പത്മാവദ് ഇന്ന് തിയേറ്ററുകളിലേക്ക്, കനത്ത സുരക്ഷയൊരുക്കി പൊലീസ്

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടെ വിവാദ ബോളിവുദ് ചിത്രം പത്മാവദ് ഇന്ന് തിയറ്ററിലേക്ക്.

നാലു വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍ എന്നി സംസ്ഥാനങ്ങള്‍ ചിത്രത്തെ പൂര്‍ണമായും ബഹിഷ്‌ക്കരിച്ചു. ഉത്തര്‍ പ്രദേശില്‍ തിയറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്. എന്നിരുന്നാലും അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നി സംസ്ഥാനങ്ങളും പ്രദര്‍ശനവുമായി മുന്നോട്ട് പോകും.പത്മാവത് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കും പ്രേക്ഷകര്‍ക്കും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രജപുത്ര സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചു. പ്രദര്‍ശനം തടയണമെന്ന ഹര്‍ജികള്‍ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു.

ഇന്നലെ ഗുഡ്ഗാവില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. കുട്ടികള്‍ ബസിനുള്ളില്‍ പതുങ്ങിയിരിക്കുന്ന ദൃശ്യങ്ങളും മറ്റും വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് സിനിമയ്‌ക്കെതിരേയുള്ള സമരം അക്രമാസക്തമായത്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി.

ലഖ്‌നൗവിലെ വേവ് മാളില്‍ സിനിമയുടെ ബുധനാഴ്ചത്തെ പ്രീമിയര്‍ ഷോ അക്രമികള്‍ തടസ്സപ്പെടുത്തി. മീററ്റ്, ഗോരഖ്പുര്‍, കാന്‍പുര്‍, മുസാഫര്‍ നഗര്‍ എന്നിവിടങ്ങളില്‍ മാളുകള്‍ക്കും തിയേറ്ററുകള്‍ക്കും നേരേ ആക്രമണമുണ്ടായി.

ഗുജറാത്തിലെ വിവിധയിടങ്ങളിലും സമരം അക്രമത്തില്‍ കലാശിച്ചു. ഇരുനൂറോളം വാഹനങ്ങളും ഒട്ടേറെ കടകളും കത്തിച്ചു. അഹമ്മദാബാദില്‍ മാത്രം 48 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേക്ഷകര്‍ക്കും തിയേറ്ററുകള്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പുനല്‍കാതെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ തിയേറ്ററുടമകള്‍.

മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സമരക്കാര്‍ സര്‍ക്കാര്‍ ബസിന് തീയിട്ടു. നഗരത്തില്‍ ക്ലബ്ബുകളും ബാറുകളും രാത്രി ഏഴിന് അടയ്ക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഡല്‍ഹി-ജയ്പുര്‍ ഹൈവേയും സമരക്കാര്‍ ഉപരോധിച്ചു.

അതേസമയം കേരളത്തില്‍ ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. സിനിമ പ്രദര്‍ശനത്തിനെത്തിയ കേരളത്തിലെ തിയറ്ററുകളില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് നാലു തിയറ്ററുകളിലും കോട്ടയത്ത് രണ്ട് തിയറ്ററുകളും കൊച്ചിയിലെ നിരവധി തിയറ്ററുകളിലും പത്മാവദ് പ്രദര്‍ശനം തുടരുന്നു.

Top