പത്മാവതി ചിത്രത്തിന് ബ്രിട്ടനിൽ വിലക്കില്ല , പ്രദർശിപ്പിക്കാനില്ലെന്ന് നിർമ്മാതാക്കൾ

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.

മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും പത്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാൽ വിവാദങ്ങള്‍ ഉയരുന്നതിനിടെ ചിത്രത്തിന് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ (ബിബിഎഫ്സി) അനുമതി നൽകി.

ഡിസംബര്‍ 1ന് പത്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബിബിഎഫ്സി അറിയിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഒരു തരത്തിലുള്ള മാറ്റങ്ങളുമില്ലാതെ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബിബിഎഫ്സി അറിയിച്ചത്.

എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ പത്മാവതി എവിടേയും പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പത്മാവതിക്ക് ഉടൻ സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നത് അസാധ്യമാണെന്നാണ് സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി അറിയിച്ചു.

കൃത്യമായ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചാണ് ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത്. അതിനാൽ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top