തിരുവനന്തപുരം: കോണ്‍ഗ്രസ് സഹയാത്രികയും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരം ഡി സി സിയുടെ മുന്‍ ഭാരവാഹികളായിരുന്ന തമ്പാനൂര്‍ സതീഷും വട്ടിയൂര്‍ക്കാവ് ഉദയനും ഉള്‍പ്പെടെ പത്തിലധികം പേര്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക് എത്തി. വരും ദിവസങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. കെ കരുണാകരനും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നയാളാണ് പത്മിനി തോമസ്. പത്മിനിക്കൊപ്പം മകനും ബിജെപി അംഗത്വം സ്വീകരിച്ചു.
വേണ്ടത്ര പരിഗണന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചില്ലെന്നാരോപിച്ചാണ് രാജി. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പത്മിനിയുടെ പേര് പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ സീറ്റ് നിഷേധിക്കുകയായിരുന്നു. കെപിസിസി കായിക വേദിയുടെ അധ്യക്ഷയായി പ്രവര്‍ത്തിച്ച പത്മിനി തോമസ് വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കാലങ്ങളോളം കെ കരുണാകരനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നയാളാണ് തമ്പാനൂര്‍ സതീഷ്. പുനഃസംഘടനയില്‍ തഴയപ്പെട്ടതില്‍ പ്രതിഷേധിച്ചു അടുത്തിടെ തമ്പാനൂര്‍ സതീഷ് കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നാലെയാണ് ബിജെപിയിലേക്കുള്ള ചുവടു വെപ്പ്. തിരുവനന്തപുരം ഡി സി സിയുടെ മുന്‍ ഭാരവാഹികളായിരുന്ന ചിലരും ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്.കോണ്‍ഗ്രസില്‍ നിന്നും ഇടതു പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.