പാംഗോങ് തടാകം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്ത് ഇന്ത്യ

ശ്രീനഗര്‍: ലഡാക്കിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പാംഗോങ് തടാകം സന്ദര്‍കര്‍ക്കായി വീണ്ടും തുറന്നുകൊടുത്ത് ഇന്ത്യ. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പുകയുന്നതിനിടയിലാണ് പുതിയ തീരുമാനം. തടാകം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേയിലെ ഡി.സി. ഓഫീസില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റി(ഐ.എല്‍.പി.)ന് അപേക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖാന്തരവും ഐ.എല്‍.പിക്ക് അപേക്ഷിക്കാവുന്നതാണ്.

13,862 അടി ഉയരത്തിലാണ് പാംഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. ലവണാംശമുള്ള ജലം ഉള്‍ക്കൊള്ളുന്നതും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ അപൂര്‍വം തടാകങ്ങളിലൊന്നാണ് പാംഗോങ്. മഞ്ഞുകാലത്ത് തടാകത്തിലെ ലവണാംശമുള്ള ജലം പൂര്‍ണമായും തണുത്തുറയും. നിറവ്യത്യാസവും കാണപ്പെടാറുണ്ട്.

തര്‍ക്ക പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ മൂന്നിലൊന്നു ഭാഗം ഇന്ത്യയിലാണുള്ളത്. മൂന്നില്‍ രണ്ടുഭാഗം ടിബറ്റിലാണെങ്കിലും ഇവിടം നിയന്ത്രിക്കുന്നത് ചൈനയാണ്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ സൈനികരും പി.എല്‍.എയും തമ്മില്‍ കഴിഞ്ഞ വര്‍ഷം സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ മേഖലയില്‍ ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Top