കോബ്ര പറഞ്ഞതു പോലെ കേരളത്തിലെയും ചില മാധ്യമങ്ങൾ പെയ്ഡ് ന്യൂസ് പാതയിൽ !

MV Jayarajan

തിരുവനന്തപുരം: കേരളത്തില്‍ പെയ്ഡ് വാര്‍ത്തകള്‍ കൊടുക്കുന്ന രൂപത്തിലേക്ക് ചില മാധ്യമങ്ങള്‍ തരം താഴുന്നതായി ആരോപിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ എം.വി ജയരാജന്‍ രംഗത്ത്.

കെവിന്‍ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തുന്ന കടന്നാക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി തന്നെ രംഗത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് എം.വി ജയരാജനും ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

മാധ്യമപ്രവര്‍ത്തനത്തെ 
പറയിപ്പിക്കുന്നവരോട് തന്നെ… 
=====================
ഇന്നത്തെപ്പോലെ വാഹനങ്ങള്‍ പോലും ഇല്ലാതിരുന്ന കാലത്താണ് നാടുകടത്തപ്പെട്ടാലും ശരി നട്ടെല്ലുവളയ്ക്കില്ലെന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രഖ്യാപിച്ചത്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന്‍റെ എക്കാലത്തേയും വലിയ മാതൃകയായാണ് മാധ്യമലോകവും പൊതുവിലും സ്വദേശാഭിമാനിയുടെ നിലപാടിനെ വാഴ്ത്തുന്നത്.  മാധ്യമപ്രവര്‍ത്തനത്തിലെ സത്യസന്ധതയും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്നുമുണ്ട്. അവര്‍ മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍, മാധ്യമപ്രവര്‍ത്തന രംഗത്തെ തെറ്റ് ചൂണ്ടിക്കാണിക്കാനും തിരുത്താനുമായി ഉപയോഗപ്പെടുത്തുമെന്നുതന്നെ വിശ്വസിക്കുന്നു. സത്യം തേടിയുള്ള ചർച്ചയാണ് മാധ്യമപ്രവർത്തകർ നടത്തേണ്ടത് എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു .

ഒരുകാര്യം പറയാതെ വയ്യ-  ശരിയായ മാധ്യമപ്രവർത്തനത്തെ പറയിപ്പിച്ചും  സത്യത്തെ കുഴിച്ചുമൂടി താല്പ്പര്യങ്ങളെ വാർത്തയാക്കി ചർച്ച ചെയ്യുകയും വിധിപ്രഖ്യാപിക്കുകയും  വിവാദമാണ് വാർത്തയെന്നുകരുതി അതിനായി ശ്രമിക്കുകയുമാണ് ചിലർ. മാധ്യമപ്രവർത്തനത്തിലെ സാമൂഹ്യബോധം ചോർന്നുപോയിരിക്കുന്നു. വാർത്തയെ വെറും ഉൽപ്പനമാക്കി വിറ്റഴിക്കുന്നതിലേക്ക്  കാര്യങ്ങൾ എത്തിയിരിക്കുന്നു. .  അതിന് ഏറ്റവും നല്ലത് സർക്കാർ വിരുദ്ധ വാർത്തകൾ സൃഷ്ടിക്കലാണെന്ന് ചില മാധ്യമങ്ങൾ  തീരുമാനിച്ചപോലെയാണ്ഇന്നുള്ളത്. 

മാധ്യമങ്ങൾക്ക്‌ ലോകത്തെ എല്ലാകാര്യങ്ങളിലും വിമർശ്ശിക്കാൻ അവകാശമുണ്ട്‌. അത്‌ സദുദ്ദേശപരവും സംഹാരപരവും ആവുകയും ചെയ്യാറുണ്ട്‌. എന്നാൽ മാധ്യങ്ങൾക്ക്‌ പറ്റുന്ന തെറ്റ്‌ വിമർശ്ശനപരമായി ചൂണ്ടിക്കാണിച്ചാൽ അസഹിഷ്ണുതയോ..? എന്തിനാണ്‌ അങ്ങനെയൊരു സമീപനം മാധ്യമങ്ങൾ സ്വീകരിക്കുന്നത്‌. എല്ലാവരേയും വിമർശ്ശിക്കുന്നതുപോലെ മാധ്യമങ്ങളെ വിമർശ്ശിക്കാനും അവകാശമുണ്ട്‌.

വിഷയങ്ങളെ അടിസ്ഥാനമാക്കി വിമർശ്ശിക്കാൻ മാധ്യമങ്ങൾക്ക്‌ കഴിയണം. ആ വിമർശ്ശനത്തെ അംഗീകരിക്കുമ്പോൾ തന്നെ, വ്യക്തിഹത്യ നടത്തുന്നത്‌ പോലെയുള്ള വിമർശ്ശനം സദുദ്ദേശപരമല്ല. ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ തെറ്റുചെയ്താൽ,ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. അതല്ലാതെ വേറെന്ത്‌ ചെയ്യണമെന്നാണ്‌ മാധ്യമങ്ങൾക്ക്‌ ചൂണ്ടിക്കാണിക്കാനുള്ളത്‌..? ഇപ്പോൾ സ്വീകരിച്ച നടപടിയേക്കാൾ ഫലപ്രദമായ നിർദ്ദേശം മുന്നോട്ടുവെച്ചാൽ അത്‌ ചർച്ചചെയ്ത്‌ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയല്ലോ. എന്നാൽ മാധ്യമങ്ങൾ ചെയ്തതെന്താണ്‌..?

പോലീസിന്‌ പരാതി ലഭിച്ചത്‌ രാവിലെയാണ്‌. മുഖ്യമന്ത്രിയുടെ അവിടുത്തെ പരിപാടിയാകട്ടെ ഉച്ചയ്ക്ക്‌ ശേഷവും. രാവിലെ ലഭിച്ച പരാതിയിൽ പോലീസ്‌ നടപടി സ്വീകരിക്കാത്തത്‌, മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സുരക്ഷ ഒരുക്കിയതിനാലാണെന്ന് വാർത്തയും ഉപവാർത്തയും എല്ലാം നൽകിയവർ അത്‌ തെറ്റാണെന്ന് തെളിഞ്ഞിട്ടും ഇതുവരെ വാർത്ത തിരുത്തുകയോ, തെറ്റിദ്ധരിപ്പിച്ചതിന്‌ ജനങ്ങളോട്‌ ക്ഷമ ചോദിക്കുകയോ ചെയ്തിട്ടില്ല. ഒരു ചാനൽ പ്രചരിപ്പിച്ച മറ്റൊരു പച്ചക്കള്ളം – ഡി.ജി.പിക്ക്‌ ഐ.ജി റിപ്പോർട്ട്‌ സമർപ്പിച്ചുവെന്നും പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ്‌ തങ്ങൾക്ക്‌ കിട്ടി എന്നുമാണ്‌. അങ്ങനെയൊരു റിപ്പോർട്ടേ ആ സമയംവരെ ഡി.ജി.പിക്ക്‌ കിട്ടിയിരുന്നില്ല എന്നത്‌ പുറത്തുവന്നതോടെ ഡി.ജി.പിക്ക്‌ റിപ്പോർട്ട്‌ നൽകും എന്നാക്കി വാർത്തമാറ്റി. സാമാനരീതിയിലായിരുന്നു പാർട്ടി കോൺഗ്രസ്സ്‌ ഹൈദരാബാദിൽ നടക്കുമ്പോൾ ചിലർ നൽകിയ വ്യാജവാർത്താ സൃഷ്ടി.

ഈയ്യിടെ കോബ്ര പോസ്റ്റ്‌ തെളിവുകൾ സഹിതം പ്രസിദ്ധീകരിച്ച പെയ്ഡ്‌ ന്യൂസ്‌ സംബന്ധിച്ച്‌ റിപ്പോർട്ട്‌ ജനങ്ങൾ ഞെട്ടലോടെയാണ്‌ മനസ്സിലാക്കിയത്‌. അതുപോലെ പെയ്ഡ്‌ ന്യൂസുകളായി കേരളത്തിലെ ചില മാധ്യമങ്ങളുടെ പ്രവർത്തനം മാറുന്നുണ്ടോ..!?

സുരക്ഷാ വാദമുയർത്തി ഉത്തരവാദിത്തം മറന്നതിനാണ്‌ പോലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്‌. വസ്തുതപറയാതെ ജനങ്ങളെ കബളിപ്പിച്ച മാധ്യമങ്ങളും വിമർശ്ശിക്കപ്പെടുകതന്നെ ചെയ്യപ്പെടണം. അതുപക്ഷേ ചില മാധ്യമങ്ങൾ ചെയ്യും പോലെ സംഹാരപരമല്ല; സദുദ്ദേശപരമാണ്‌.

ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടാലും തിരിച്ചറിഞ്ഞ് മാധ്യമപ്രവർത്തനത്തെയാകെ കുറ്റം പറഞ്ഞാലും വേണ്ടില്ല, ഇന്നത്തെ ഉൽപ്പന്നം (വാർത്ത) നല്ല പരസ്യങ്ങളുടെ അകമ്പടിയോടെയും നാളെ കൂടുതൽ പരസ്യം കിട്ടാൻ പാകത്തിലും വിറ്റഴിക്കപ്പെടണം എന്ന് തീരുമാനിക്കപ്പെടുന്നത് മാധ്യമപ്രവർത്തനത്തിന്റെ അപചയമാണ്. സമൂഹത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവർ തെറ്റ് പറ്റിയാൽ തിരുത്താൻ തയ്യാറാകണം. ഇല്ലെങ്കിൽ മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ് സത്യസന്ധമായി നിലനിൽക്കേണ്ടത് അനിവാര്യമാണ്. 

– എം.വി ജയരാജൻ 

Top