വിദേശ രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് പെയ്ഡ് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് (രാജ്യാന്തര വിമാന സര്‍വീസുകളില്‍ എത്തുന്നവര്‍)ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പെയ്ഡ് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഏഴ് ദിവസത്തെ ക്വാറന്റീനുള്ള ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. പെയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കാലയളവിന് ശേഷം ഇവര്‍ ഏഴ് ദിവസം വീടുകളിലും ക്വാറന്റീനില്‍ കഴിയണം.

യാത്ര തിരിക്കുന്നതിന് മുമ്പ് പെയ്ഡ് ക്വാറന്റീനുള്ള സമ്മത പത്രം എല്ലാ യാത്രക്കാരും നല്‍കണം. ബുക്കിങ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇക്കാര്യം എംബസി/അധികൃതര്‍ പരിശോധിക്കുമെന്നും വിമാനത്താവള അതോറിറ്റി പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ താമസിക്കാന്‍ താത്പര്യപ്പെടുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് വിമാനത്താവള അധികൃതരുടെ പ്രാഥമിക പരിശോധനയും തുടര്‍ന്ന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ രണ്ടാംഘട്ട പരിശോധനയും ഉണ്ടാകും. ഇതിന് ശേഷം മാത്രമേ യാത്രക്കാരെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുകയുള്ളു.

ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍, കുടുംബത്തില്‍ ആരുടെയെങ്കിലും മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുകള്‍ നല്‍കും. ഇതിനായി airportcovid@gmail.,com എന്ന ഇമെയില്‍ വിലാസത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കണമെന്നും വിമാനത്താവള അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ ആഭ്യന്തര യാത്രക്കാര്‍ക്കും നിര്‍ബന്ധമായും തെര്‍മല്‍ സ്‌കാനിങ് നടത്തും. രോഗലക്ഷണമില്ലാത്തവരെ മാത്രമേ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവിടുകയുള്ളു. ഇവര്‍ ഏഴ് ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വന്ദേ ഭാരതിന് കീഴിലുള്ള കണക്ഷന്‍ വിമാനങ്ങളില്‍ മാത്രമേ യാത്ര അനുവദിക്കു. വന്ദേ ഭാരത് വിമാനങ്ങളിലല്ലാതെ വരുന്നവര്‍ ആഭ്യന്തര വിമാനങ്ങളില്‍ കയറാന്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.

Top