പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതി ഉദയന് (44) മാനസിക പ്രശ്‌നമുണ്ടെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവ്.
കൊല്ലപ്പെട്ട നാലുപേരും ഉദയന്റെ അമ്മ ലക്ഷ്മിയും സംഭവ സമയം വീട്ടിലായിരുന്നു. വീട്ടിലെത്തിയ ഉദയന്‍ കൈമഴു ഉപയോഗിച്ച് നാലുപേരെയും മുറിക്കുള്ളില്‍ വെട്ടിവീഴ്ത്തി. ഭയന്നോടിയ അമ്മ ലക്ഷ്മി അയല്‍ വീട്ടില്‍ അഭയം തേടി. നാട്ടുകാര്‍ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കൊല നടത്താനുപയോഗിച്ച മഴുവുമായി കന്യാല ടൗണിലെത്തിയ ഉദയയെ നാട്ടുകാര്‍ ബലം പ്രയോഗിച്ച് പിടികൂടി മഞ്ചേശ്വരം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
2020 ഓഗസ്റ്റ് 3 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുടുംബാംഗങ്ങളായ 4 പേരെ ഉദയന്‍ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമായ കന്യാലയിലാണ് കൂട്ടക്കൊല നടന്നത്. ദേവകി, വിട്ള, ബാബു, സദാശിവ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ സഹോദരി പുത്രനാണ് കോടതി വെറുതേ വിട്ട ഉദയന്‍.