ഇസ്‍ലാമാബാദ്: പാക്കിസ്ഥാനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി സമാധാനം നിലനിർത്താൻ ശ്രമിക്കണമെന്ന് പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ.
പാക്കിസ്ഥാന്റെ എല്ലാ അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സൈന്യത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെനറ്റ് കമ്മിറ്റിയിൽ സംസാരിക്കവേയാണ് പാക്കിസ്ഥാനിലെ എംപിമാരോട് സൈനിക മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാന്റെ സൈന്യമാണ് ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങൾക്ക് തടസമെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ ബജ്‍വയുടെ പുതിയ നിലപാട് ഈ ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നതാണ്.
എന്നാൽ ഇന്ത്യൻ സേനയിലെ വലിയ വിഭാഗം പാക്കിസ്ഥാന് എതിരാണെന്നും ബജ്‍വ പറഞ്ഞു.
അഫ്ഗാൻ ഇന്റലിജൻസുമായും ദേശീയ സുരക്ഷാ ഡയറക്ടറേറ്റുമായും ഇന്ത്യ നല്ല ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നും, രാജ്യത്തു ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും മേധാവി ആരോപിച്ചു.