‘ഞാന്‍ ഒരു ഐഎസ്ഐ ഏജന്റാണ്. ഇനി ഇന്ത്യയില്‍ താമസിക്കാനാണ് ആഗ്രഹം’

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റാണെന്ന് സ്വയം പരിചയപ്പെടുത്തി പാക് പൗരന്‍ ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍. ഇയാളുടെ വെളിപ്പെടുത്തല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ആശങ്ക പരത്തി. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയത്.

പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള മുഹമ്മദ് അഹമ്മദ് ഷെയ്ഖ് മുഹമ്മദ് റഫീഖ് എന്നയാള്‍ സംഭവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി.

‘ ഞാന്‍ ഒരു ഐഎസ്ഐ ഏജന്റാണ്. പക്ഷേ ഇനി അത് തുടരാന്‍ ആഗ്രഹിക്കുന്നില്ല, ഇനി ഇന്ത്യയില്‍ താമസിക്കാനാണ് ആഗ്രഹം.’- മുഹമ്മദ് അഹമ്മദ് ഷെയ്ക് മുഹമ്മദ് റഫീഖ് പറഞ്ഞു. തനിക്ക് പാക് ഇന്റലിജന്‍സ് ഏജന്‍സിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നും അയാള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

ഹെല്‍പ് ഡെസ്‌ക്കില്‍ ഉണ്ടായിരുന്നത് ഒരു സ്ത്രീയാണ്. ഉടന്‍ തന്നെ സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

റഫീഖ് ദുബായില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയതിനുശേഷം തുടര്‍ യാത്രയ്ക്കായി കാഠ്മണ്ഡുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, യാത്ര തുടരാതെ ഇന്ത്യയില്‍ തങ്ങാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. ഐഎസ്‌ഐ ഏജന്റാണെന്ന് റഫീഖ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിവിധ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.

Top