ഇസ്ലാമാബാദ് : രാജ്യത്ത് വിഹരിക്കുന്ന തീവ്രവാദ സംഘടനകൾക്കും, ഭീകരവാദികൾക്കും കടിഞ്ഞാണിടാൻ പുതിയ ഓർഡിനൻസ് പുറത്തിറക്കി പാക്കിസ്ഥാൻ ഭരണകൂടം. നിയമം ഭേദഗതി ചെയ്ത പുതിയ ഉത്തരവിൽ പാക്കിസ്ഥാൻ പ്രസിഡന്റ് മമ്നൂണ്‍ ഹുസൈൻ ഒപ്പുവെച്ചു.
ഐക്യരാഷ്ട്ര സഭ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന അൽക്വയ്ദ, താലിബാൻ, ലഷ്കർ -ഇ തോയിബ എന്നി ഭീകരസംഘടനകൾക്കെതിരെയാണ് പുതിയ ഓർഡിനൻസ്.
ഭീകരവാദത്തിന്റെ പേരിൽ ഐക്യരാഷ്ട്ര സഭ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന വ്യക്തികൾക്കും ഭീകര സംഘടനകൾക്കുമെതിരെ നടപടിയെടുക്കാനും, അവരുടെ ഓഫീസുകൾ അടച്ചിടുന്നതും അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതു പോലുള്ളതുമായ നടപടികൾ കൈക്കൊള്ളാനുമാണ് ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്ത ഓർഡിനൻസ്.
നാഷണൽ കൗണ്ടർ ടെററിസം അതോറിറ്റി (എൻ.ടി.ടി.എ.) പുതിയ നീക്കം സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും എൻ.ടി.ടി.എ. സംയുക്തമായി ചേർന്നാണ് പ്രവർത്തനം നടത്തുന്നത്. എന്നാൽ പുതിയ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പാക്കിസ്ഥാൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ് പുതിയ നീക്കം. ഭീകരവാദത്തിനെ പാക്ക് മണ്ണിൽ നിന്ന് തുടച്ചുനീക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അതിന്റെ പേരിൽ അമേരിക്ക പാക്കിസ്ഥാൻ നൽകിയിരുന്ന ധനസഹായം നിർത്തലാക്കിയിരുന്നു. എന്നാൽ ഇത് താത്കാലിമാണെന്ന് പിന്നീട് അമേരിക്ക വ്യക്തമാക്കി.
പാക്കിസ്ഥാൻ ഭരണകുടം നടപ്പാക്കാനൊരുങ്ങുന്ന പുതിയ നിയമം ഐക്യരഷ്ട്ര സഭയുടെയും ,ലോക രാജ്യങ്ങളുടെയും സമ്മർദത്തിന്റെ പേരിലാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.