ഇസ്ലാമാബാദ്: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത 21 കാരിയായ ഹിന്ദു യുവതിക്ക് മുസ്ലിമായ തന്റെ ഭര്‍ത്താവിന്റെ കുടെ ജീവിക്കാന്‍ പാക്കിസ്ഥാന്‍ കോടതി അനുമതി നല്‍കി.
പുതിയ വിശ്വാസത്തിലാണ് താല്‍പര്യമെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.
കേസ് വാദം കേട്ടതിനുശേഷം ഇരുവര്‍ക്കും സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ഷൗക്കത്ത് അസീസ് സിദ്ദീഖി പൊലീസിനെ അറിയിച്ചു.
മുസ്ലിമിലേക്ക് മതം മാറുന്നതിന് മുന്‍പ് യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ആരോഷി എന്ന ഹിന്ദു യുവതിയാണ് മറിയ എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിച്ചത്. തന്റെ മതപരിവര്‍ത്തനം തികച്ചും വ്യക്തിപരവും, ദൃഢവുമാണെന്ന് തെളിയിക്കാന്‍ മറിയ കോടതിയില്‍ ഇസ്ലാം പാര്‍ത്ഥനകള്‍ ചൊല്ലി കേള്‍പ്പിച്ചു.
തന്റെ ഭര്‍ത്താവ് ബിലാവല്‍ അലി ഭൂട്ടോയുമൊത്ത് താമസിക്കുവാനും, സ്വാതന്ത്രമായി ജീവിക്കാനും സംരക്ഷണം തരണമെന്ന് യുവതി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
മാതാപിതാക്കളുമായി സംസാരിക്കാന്‍ കോടതി പറഞ്ഞപ്പോള്‍ യുവതി ആദ്യം നിരസിച്ചു എന്നാല്‍ കോടതിയുടെ നിര്‍ബന്ധ പ്രകാരം ജഡ്ജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ 40 മിനിറ്റ് സംസാരിക്കാന്‍ മറിയ തയ്യാറായി.
തന്റെ മകളെ തനിക്ക് തിരിച്ച് തരണമെന്നും , ചിലപ്പോള്‍ കുറച്ചു കാലത്തിന് ശേഷം ബിലാവല്‍ അലി ഭൂട്ടോ മകളെ ഉപേക്ഷിക്കാന്‍ തയ്യാറാകുമെന്നും മരിയയുടെ അമ്മ കോടതിയില്‍ പറഞ്ഞു.
ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു എന്ന കാരണത്താല്‍ മറിയയെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ കഴിയില്ലെന്ന് കോടതി വ്യകത്മാക്കി.
നിര്‍ബന്ധിച്ച് മറിയയെ കൊണ്ടുപോയാല്‍ അത് യുവതിയുടെ സുരക്ഷയെ ബാധിക്കുമെന്നും കോടതി അറിയിച്ചു.
ഇരുവര്‍ക്കും ഇസ്ലാമാബാദില്‍ ജീവിക്കാമെന്നും , അവിടുത്തെ ലോക്കല്‍ പൊലീസ് ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.