നവാസ് ഷെരീഫിന് വന്‍ തിരിച്ചടി ; പാക്കിസ്ഥാന്‍ പിടിച്ചടക്കി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പാക്ക് പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍തിരിച്ചടി. മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്റെ (65) പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. 112 സീറ്റുകളിലാണ് പിടിഐ ലീഡ് ചെയ്യുന്നത്.

അഴിമതി കേസില്‍ ജയിലിലായ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസിന് (പിഎംഎല്‍-എന്‍) 64 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്.

അതേസമയം, മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 44 സീറ്റിലും, മുത്താഹിദ മജ്ലിസെ അമല്‍ (എംഎംഎ) എട്ടു സീറ്റിലും മുന്നിലാണ്. മറ്റുള്ളവര്‍ 27 സീറ്റുകളിലും മുന്നില്‍ നില്‍ക്കുന്നു.

എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം തിരഞ്ഞെടുപ്പ് ഫലം വൈകുകയാണ്.

Top