ആക്രമണത്തിന് ഇന്ത്യ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി, ചങ്കിടിച്ച് പാക്കിസ്ഥാൻ

തിരിച്ചടി അരികെ എത്തിയെന്ന തിരിച്ചറിവില്‍ പാക്കിസ്ഥാന്‍… യുദ്ധത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കുമ്പോഴും ഇന്ത്യയുടെ തിരിച്ചടിയെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ പാക്ക് ഭരണകൂടം ഇരുട്ടില്‍ തപ്പുകയാണിപ്പോള്‍.

മാരകമായ ഒരാക്രമണമായിരിക്കും അതിര്‍ത്തി കടന്ന് ഭീകര കേന്ദ്രങ്ങള്‍ ലക്ഷൃമിട്ട് ഇന്ത്യ നടത്തുക എന്ന നിഗമനത്തിലാണ് പാക്ക് സൈനിക നേതൃത്വം. ഇതിനെതിരെ പാക്കിസ്ഥാന്‍ തിരിച്ചടിക്കുകയാണെങ്കില്‍ തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കണ്ടാണ് ഇപ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശം ജനങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയിരിക്കുന്നത്.

ആശുപത്രികളോട് സജ്ജരാകാന്‍ പാക് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ത്യയുടെ ആക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതര്‍ക്ക് വിവരം കൈമാറാനും ജനങ്ങള്‍ക്ക് പാക്ക് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇനി ഒരു യുദ്ധത്തിന് ഇന്ത്യന്‍ സേന തുനിഞ്ഞിറങ്ങിയാല്‍ പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കാനും, ബലൂചിസ്ഥാനെ സ്വതന്ത്രമാക്കാനും ശ്രമിക്കുമെന്ന ഭയത്തിലാണ് പാക്ക് ഭരണകൂടം .

കാശ്മീരിലെ ഭീകരാക്രമണത്തിനെതിരെ ശക്തമായ നിലപാട് ചൈനയുടെ എതിര്‍പ്പ് തള്ളി ഐക്യരാഷ്ട്ര സഭ സ്വീകരിച്ചതും പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ പ്രഹരമാണ്.ലോകത്തെ മറ്റെല്ലാ രാജ്യങ്ങളും പാക്ക് ഭീകരര്‍ക്കെതിരായി ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നീക്കത്തെ തടയുക ചൈനക്കും ഇനി ബുദ്ധിമുട്ടാണ്.ഇക്കാര്യത്തില്‍ പരസ്പരം പോരടിക്കുന്ന റഷ്യയും അമേരിക്കയും ഇറാനും പോലും ശക്തമായ നിലപാടാണ് ഇന്ത്യക്ക് അനുകൂലമായി സ്വീകരിച്ചിരിക്കുന്നത്.

എക്കാലത്തെയും ഇന്ത്യയുടെ അടുത്ത സുഹൃത്തായ ഫ്രാന്‍സ് മുന്‍കൈ എടുത്താണ് ഭീകര ആക്രമണത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സുരക്ഷാസമിതിയില്‍ കൊണ്ടുവന്നത്.പാക്ക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ പേര് പറയുന്നതിനെയും കാശ്മീര്‍ എന്ന് പറയുന്നതിനെയും എതിര്‍ക്കാനുള്ള നീക്കം ചൈന നടത്തിയെങ്കിലും അത് വിലപ്പോയില്ല. ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നു രേഖപ്പെടുത്തണമെന്നതായിരുന്നു ചൈനയുടെ ആവശ്യം. വൈകാരികമായാണ് അംഗരാജ്യങ്ങല്‍ ഈ നിലപാടിനെതിരെ പ്രതികരിച്ചത്. ഫെബ്രുവരി 14 ന് ജമ്മുകശ്മീരില്‍ 40 ഇന്ത്യന്‍ പാരാമിലിട്ടറി ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഹീനമായ ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സുരക്ഷാ സമിതി പ്രമേയത്തില്‍ പറയുന്നു. ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും പ്രമേയത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാസമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എല്ലാ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണമെന്ന വാക്കും പ്രമേയത്തില്‍ നിന്ന് ഒഴിവാക്കി കിട്ടാനും ചൈന വിഫല ശ്രമം നടത്തിയിരുന്നു.ഐക്യരാഷ്ട സഭ സുരക്ഷ സമിതിയുടെ തീരുമാനത്തോടെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ വിജയിച്ചിരിക്കുകയാണ്.

ഇനി ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള അനിവാര്യമായ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ചൈന രംഗത്തിറങ്ങിയാല്‍ അവരെ തടയാന്‍ ലോക രാഷ്ട്രങ്ങള്‍ തന്നെ മുന്നിലുണ്ടാകും. ഇന്നുവരെ ചൈന ആര്‍ജിച്ച നേട്ടങ്ങള്‍ പാക്കിസ്ഥാന് വേണ്ടി തകര്‍ക്കാന്‍ എന്തായാലും ചൈന തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഭീകരരെ പൊത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ കാവലാളായി മാറുന്നതില്‍ ചൈനയുടെ പ്രതിച്ഛായയാണ് അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

Top