pak flag raising in india-asiya andrabi

ശ്രീനഗര്‍: പാകിസ്ഥാന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രീനഗറില്‍ വിഘടനവാദി നേതാവ് അസിയ അന്ദ്രാബിയുടെ പാര്‍ട്ടിക്കാര്‍ പാക് പതാകകള്‍ ഉയര്‍ത്തി. നേരത്തെയും പല തവണ അന്ദ്രാബിയടക്കമുള്ളവര്‍ ഇത്തരത്തില്‍ പാക് പതാക ഉയര്‍ത്തിയിരുന്നു. അസിയാ അന്ദ്രാബിയുടെ പാര്‍ട്ടിയായ ദുഖ്തരണ്‍ ഇ മിലാതിന്റെ പ്രവര്‍ത്തകരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തിയത്.

ശ്രീനഗറിലെ ലാല്‍ ചൗക്ക്, സിവല്‍ ലൈന്‍സ് മേഖലകളിലാണ് പാക് പതാക ഉയര്‍ത്തിയത്. പതാകകള്‍ പിന്നീട് പൊലീസെത്തി നീക്കം ചെയ്തു. എല്ലാ വര്‍ഷവും പാക് ദേശീയ ദിനമായ മാര്‍ച്ച് 22നും സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14നും ശ്രീനഗറില്‍ അന്ദ്രാബിയുടെ പാാര്‍ട്ടി ഇത്തരത്തില്‍ പാക് പതാക ഉയര്‍ത്താറുണ്ട്. കഴിഞ്ഞ വര്‍ഷം അന്ദ്രാബിയെ പാക് പതാക ഉയര്‍ത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു.

തീവ്ര വിഘടനവാദി നേതാക്കളായ അസിയ അന്ദ്രാബിയേയും സയദ് അലി ഗിലാനിയേയും ന്യൂഡല്‍ഹിയില്‍ പാക് ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയിലേക്ക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ക്ഷണിച്ചിരുന്നു. എല്ലാ വര്‍ഷവും കാശ്മീരി വിഘടനവാദി നേതാക്കളെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഇത്തരത്തില്‍ ക്ഷണിക്കാറുണ്ട്. 1940 മാര്‍ച്ച് 22നാണ് ലാഹോറിലെ മിന്റോ പാര്‍ക്കില്‍ മുസ്ലീം ലീഗ് പാകിസ്ഥാന്‍ പ്രമേയം അംഗീകരിച്ചത്. ഈ ദിവസമാണ് ദേശീയ ദിനമായി ആഘോഷിക്കുന്നത്.

Top