pak high commissioner Abdul Basit statement

ന്യൂഡല്‍ഹി: കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ ഭാവി നിര്‍ണയിക്കാന്‍ ഒരവസരം നല്‍കണമെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. ദ ടെലഗ്രാഫിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അബ്ദുള്‍ ബാസിത് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരത്തില്‍ ഭാവി നിര്‍ണയിക്കാന്‍ ഒരവസരം നല്‍കിയാല്‍ അറിയാം അവര്‍ ഇന്ത്യയ്‌ക്കൊപ്പമുളളപ്പോഴാണോ, അല്ലാത്തപ്പോഴാണോ സന്തോഷവാന്‍മാരായിരിക്കുന്നതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ കടുത്ത വിളളലുകള്‍ വീണിരിക്കെയാണ് കശ്മീരിലെ ഹിതപരിശോധന ബാസിത് മുന്നോട്ട് വെക്കുന്നതും.

പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധം ശരിയായ ദിശയിലേക്ക് എത്തുന്നതിനിടെയാണ് ജൂലൈ എട്ടിന് കശ്മീരില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്. തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടുപോയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കശ്മീര്‍ വെറും അതിര്‍ത്തിയെ സംബന്ധിക്കുന്നതോ, അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടതോ മാത്രമായ പ്രശ്‌നമല്ല, ഏകദേശം ഒന്നരക്കോടിയോളം ജനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിഷയമാണ്.

ഉറിയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തിട്ടില്ല.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ബുര്‍ഹാന്‍ വാനിയെ വാഴ്ത്തി രംഗത്തെത്തിയതിനെയും അബ്ദുള്‍ ബാസിത് വിശദീകരിക്കുന്നുണ്ട്. കശ്മീരിലെ ജനങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി അത്തരത്തില്‍ വിശേഷിപ്പിച്ചതെന്നാണ് ബാസിത് പറയുന്നത്.

നിലവിലുളള പ്രശ്‌നങ്ങള്‍ക്ക് യുദ്ധം ഒരു പരിഹാരമല്ല. അത് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയെ ഉള്ളു. വെല്ലുവിളികളെ അഭിസംബോധന ചെയ്ത് സമാധാനപരമായ രീതിയില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ മാത്രമെ കാര്യങ്ങള്‍ പരിഹരിക്കാനാകു.

നയപരമായ രീതിയില്‍ അത്തരം കാര്യങ്ങള്‍ക്ക് കാഴിയുമെന്നാണ് കരുതുന്നതെന്നും ഇക്കാര്യത്തില്‍ താനൊരു ശുഭാപ്തി വിശ്വാസിയാണെന്നും പാക് ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.

Top