ഹണി ട്രാപ്പ് സംഘങ്ങൾക്ക് പ്രവർത്തിക്കാൻ പാക്ക് ഐഎസ്ഐയ്ക്ക് ഇന്ത്യയിലും കേന്ദ്രങ്ങൾ

ണി ട്രാപ്പ് സംഘങ്ങൾക്ക് പ്രവർത്തിക്കാൻ പാക്കിസ്ഥാനിലെ ഫരീദ്‌കോട്ടിൽ മാത്രമല്ല ഇന്ത്യയ്ക്കകത്തും പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഐഎസ്‌ഐക്ക് കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പ്രത്യേകം കേന്ദ്രങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഹണി ട്രാപ്പിൽ ആരൊക്കെ വീഴ്ത്താമെന്ന ലിസ്റ്റ് തയാറാക്കുന്നത് ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്നവരാണ്. മൊബൈൽ നമ്പറുകൾ, സമൂഹ മാധ്യമ പ്രൊഫൈലുകൾ എന്നിവ പാക്ക് ഏജന്റുമാർക്കു കൈമാറുന്നതും കെണിയില്‍ വീഴ്ത്താൻ വേണ്ട തിരക്കഥ ഒരുക്കുന്നതും ഇന്ത്യയിലെ ഐഎസ്ഐ ഏജന്റുമാരാണ്. അശ്ലീല വിഡിയോ കോൾ വഴിയാണ് മിക്കവരെയും കെണിയിൽ വീഴ്ത്തിയത്.

ഐഎസ്‌ഐ ഏജന്റുമാർ ആദ്യം സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും പിന്നീട് ചാറ്റിങ് തുടങ്ങുകയും ചെയ്യുന്നു. ടാർഗറ്റ് ചെയ്യുന്ന വ്യക്തിയുടെ സാങ്കേതികവിദ്യാ പരിജ്‍ഞാനം ദുർബലമാണെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അവർ ഇരയെ പ്രത്യേകം തയാറാക്കിയ ചാറ്റ് സൈറ്റിലേക്ക് നയിക്കുന്നു. ഇവിടെ വിവരങ്ങൾ പങ്കുവയ്ക്കുന്നു. അന്വേഷകർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഒരാൾ ഈ ചാറ്റിങ് വെബ്പേജിൽനിന്ന് ലോഗ് ഔട്ട് ചെയ്‌താൽ ചാറ്റുകൾ സ്വയം ഇല്ലാതാകും എന്നതാണ്. രാജ്യ സുരക്ഷയ്ക്കു മേലുള്ള പ്രധാന ആശങ്കകളിലൊന്നായി ഹണി ട്രാപ്പിങ് തുടരുമെന്നാണ് ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്.

Top