ആ സാഹസത്തിന് ഇന്ത്യ മുതിരുമെന്ന് ഭയം, കുല്‍ഭൂഷനെ മോചിപ്പിക്കാന്‍ ഓപ്പറേഷന്‍ ?

വാഷിങ്ങ്ടണ്‍: പാക്കിസ്ഥാനില്‍ കടന്നു കയറി ബിന്‍ലാദനെതിരെ അമേരിക്ക നടത്തിയ രഹസ്യ ഓപ്പറേഷന് സമാനമായ ഒരു കമാന്‍ണ്ടോ നീക്കം പാക്ക് സൈന്യം ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയെ ഉദ്ധരിച്ചാണ് ഇപ്പോള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പാക്ക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷനെ മോചിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും ഇന്ത്യ മടിക്കില്ലെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. സി.ഐ.എയും ഇസ്രയേല്‍ ചാരസംഘടനയായ മൊസാദും ഇന്ത്യയെ പിന്തുണക്കുമെന്നും ഇരുരാജ്യങ്ങളുടെയും അറിവോടെയുള്ള ഒരു ഓപ്പറേഷന്‍ പ്രതീക്ഷിക്കാമെന്നുമാണ് പാക്ക് ചാരസംഘടനയായ ഐ.എസ്.ഐ സൈന്യത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതത്രെ.

ഈ സാഹചര്യത്തില്‍ കുല്‍ഭൂഷണെ കൂടുതല്‍ ‘സുരക്ഷിത’ മായ രഹസ്യ കേന്ദ്രത്തിലേക്ക് സൈന്യം ഇടപെട്ട് മാറ്റുമെന്നാണ് അമേരിക്കന്‍ രഹസ്യ അന്വേഷണ ഏജന്‍സിയുടെ നിഗമനം. മുന്‍പ് പാക്കിസ്ഥാനില്‍ കയറി മിന്നല്‍ ആക്രമണം നടത്തിയ ഇന്ത്യയുടെ നടപടി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന് അപമാനമുണ്ടാക്കിയതിനാല്‍ വീണ്ടും അത്തരമൊരു സാഹചര്യം പാക്ക് സൈന്യം ആഗ്രഹിക്കുന്നില്ല.

WhatsApp Image 2018-01-05 at 17.59.57

ടെക്‌നോളജിയിലും മറ്റും ഇന്ത്യക്കൊപ്പം നില്‍ക്കുന്ന രാജ്യങ്ങളുമായി പിടിച്ച് നില്‍ക്കാന്‍ ചൈന സഹായിച്ചാല്‍ പോലും സാധിക്കില്ലന്ന തിരിച്ചറിവും പാക്കിസ്ഥാനുണ്ട്. അമേരിക്ക പാക്കിസ്ഥാന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുക കൂടി ചെയ്തതോടെ ചൈനയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത പ്രതിസന്ധിയിലാണ് പാക്കിസ്ഥാന്‍.

അതേസമയം കുല്‍ഭൂഷനെ മോചിപ്പിക്കാന്‍ ഇന്ത്യ സൈനിക ഓപ്പറേഷന് തയ്യാറായാല്‍ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നാണ് ചൈനയും വിലയിരുത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈനയ്ക്ക് പാക്കിസ്ഥാനെ സഹായിക്കേണ്ട സാഹചര്യമുണ്ടെങ്കിലും ആത്യന്തികമായി അത് വലിയ തിരിച്ചടിയാകുമെന്ന ഭയവും അവര്‍ക്കുണ്ട്.

പ്രത്യേകിച്ച് സാമ്പത്തികമായി ലോകത്തെ പ്രധാന ശക്തിയാകാന്‍ ചൈന ശ്രമിക്കുന്ന സാഹചര്യത്തില്‍. അമേരിക്കക്ക് പുറമെ റഷ്യയുമായും ഇന്ത്യക്കുള്ള അടുത്ത ബന്ധമാണ് ചൈനയുടെ ഉറക്കം കെടുത്തുന്നത്. അനവധി വര്‍ഷങ്ങളായി ഇന്ത്യയുടെ അടുത്ത ആയുധപങ്കാളിയായ റഷ്യ ഇന്ത്യയെ കൈവിടുമെന്ന് ചൈനയും കരുതുന്നില്ല. റഷ്യയെ വെല്ലുവിളിക്കാന്‍ ചൈനക്കും താത്പര്യമില്ല. ഉത്തരകൊറിയ അമേരിക്ക സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് എതിരെ ചൈനയും റഷ്യയും ഒരേ നിലപാടാണ് സ്വീകരിച്ചിരുന്നത്.

WhatsApp Image 2018-01-05 at 18.00.00

അതേസമയം, രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന അമേരിക്കയുമായും റഷ്യയുമായും അടുത്ത ബന്ധം നിലനിര്‍ത്താന്‍ കഴിയുന്നതാണ് ഇന്ത്യയുടെ നയതന്ത്ര വിജയമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ അടുപ്പം മുന്‍നിര്‍ത്തി റഷ്യയുമായി അടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ കൈവിട്ടുള്ള ഒരു സഹകരണത്തിനും തയ്യാറല്ലെന്ന നിലപാടിലാണ് റഷ്യ.

പാക്ക് മുന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിനു പോലും പരസ്യമായി ഇന്ത്യയുടെ ഈ നയതന്ത്ര വിജയത്തെ അംഗീകരിക്കേണ്ട സാഹചര്യവും കഴിഞ്ഞ ദിവസമുണ്ടായി. കുല്‍ഭൂഷണ്‍ന്റെ കാര്യത്തില്‍ ഇന്ത്യ എന്തു നിലപാടു സ്വീകരിക്കുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്. അതേസമയം, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും കേന്ദ്രീകരിച്ച് ചാരപ്രവര്‍ത്തനം നടത്തുന്നതായി പാക്കിസ്ഥാന്‍ വീണ്ടും ആരോപിച്ചു.

ചൈന-പാക്ക് സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ബലൂചിസ്ഥാനിലെ വിമതരെ ഇന്ത്യ ഉപയോഗപ്പെടുത്തുന്നതായാണ് പാക്ക് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞിട്ടുണ്ട്.

Top