തീവ്രവാദ ഫണ്ടിംഗ്, കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്ഥാന്‍ ‘നന്നായില്ല’; ഗ്രേ ലിസ്റ്റില്‍ തുടരും!

ഗോള സാമ്പത്തിക സിസ്റ്റത്തിന് അപകടമായി മാറിയ പാകിസ്ഥാന്റെ തീവ്രവാദ ഫണ്ടിംഗ് പരിപാടികള്‍ അവസാനിപ്പിക്കുന്നതില്‍ അവര്‍ ഏറെ മുന്നോട്ട് പോകാത്ത സാഹചര്യത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. പാരീസില്‍ ആരംഭിച്ച എഫ്എടിഎഫിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ്, പ്ലീനറി യോഗങ്ങളില്‍ ഈ വിഷയം സജീവചര്‍ച്ചയാണെന്ന് സംഘടന അറിയിച്ചു.

തീവ്രവാദ ഫണ്ടിംഗ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ നടപടി സ്വീകരിക്കേണ്ട 27 പോയിന്റുകളില്‍ 14 എണ്ണം മാത്രമാണ് പാകിസ്ഥാന്‍ അനുസരിച്ചത്. ഇത് പരിഗണിച്ച് അവരെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തണമെന്നാണ് പാശ്ചാത്യ നയതന്ത്ര പ്രതിനിധികളുടെ ആവശ്യം. 2018ലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എഫ്എടിഎഫ് യോഗത്തിന് നാല് ദിവസം മുന്‍പ് ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹഫീസ് സയിദിന് രണ്ട് തീവ്രവാദ ഫണ്ടിംഗ് കേസുകളില്‍ പാക് കോടതി അഞ്ചര വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു.

എന്നാല്‍ യുഎന്‍ ആഗോള ഭീകരന്‍മാരായി കണ്ടെത്തിയിട്ടുള്ള ലഷ്‌കര്‍ ഓപ്പറേഷന്‍സ് കമ്മാന്‍ഡര്‍ സാകിയുര്‍ റെഹ്മാന്‍ ലഖ്വി, ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ലഷ്‌കര്‍, ജെയ്‌ഷെ, താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വായ്ദ, ഹഖാനി നെറ്റ്‌വര്‍ക്ക് എന്നിവര്‍ ഫണ്ട് സ്വരൂപിക്കുന്നത് തടയാന്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന് എഫ്എടിഎഫ് റിപ്പോര്‍ട്ട് തന്നെ കണ്ടെത്തിയിട്ടുണ്ട്.

അഫ്ഗാന്‍ താലിബാനുമായി കരാര്‍ നേടുന്നതില്‍ പാകിസ്ഥാന്റെ പങ്കിനെ ആശ്രയിക്കുന്നതിനാല്‍ യുഎസ് കടുത്ത നടപടികള്‍ സ്വീകരിക്കില്ല. അതേസമയം മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ ഈ സമ്മര്‍ദം ചെലുത്തുമെന്നാണ് കരുതുന്നത്. പാകിസ്ഥാനെ കടുത്ത ഉപരോധങ്ങളിലേക്ക് നയിക്കുന്ന എഫ്എടിഎഫ് ബ്ലാക്ക് ലിസ്റ്റ് നടപടി ചൈനയും, മലേഷ്യയും, തുര്‍ക്കിയും തടയുകയും ചെയ്യും.

Top