ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇതിനിടെ ഡല്‍ഹിയില്‍ ബിജെപി പ്രചരണങ്ങള്‍ക്ക് എത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹി മുഖ്യന്‍ അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യംവെയ്ക്കാന്‍ മറന്നില്ല. അരവിന്ദ് കെജ്രിവാളിന് പാകിസ്ഥാന്‍ മന്ത്രി നല്‍കുന്ന പിന്തുണയില്‍ ആശങ്ക ഉയര്‍ത്തിയാണ് ഇക്കുറി യോഗിയുടെ വിമര്‍ശനം.
‘ഒരു പാകിസ്ഥാന്‍ മന്ത്രി എന്ത് കൊണ്ടാണ് അരവിന്ദ് കെജ്രിവാളിന് പിന്തുണ നല്‍കി പ്രസ്താവന നടത്തുന്നത്? ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കാന്‍ കെജ്രിവാളിന് മാത്രമാണ് സാധിക്കുകയെന്ന് അദ്ദേഹത്തിനറിയാം’, യുപി മുഖ്യമന്ത്രി ആരോപിച്ചു. ഡല്‍ഹിയിലെ വികാസ്പുരിയില്‍ റാലിയെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം.
സമാധാനം കെടുത്താനും, സാധാരണ ജനജീവിതത്തെ അലോസരപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഷഹീന്‍ ബാഗില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് യോഗി ആദിത്യനാഥ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസനവും, ദേശീയതയും ഒരുവശത്തും, വിഭജിക്കുന്ന വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസും കെജ്രിവാളും മറുവശത്തും നില്‍ക്കുന്നതായാണ് യുപി മുഖ്യന്‍ ആരോപിച്ചത്.
‘ബിജെപി തീവ്രവാദത്തിന് എതിരെ യാതൊരു സഹിഷ്ണുതയും പുലര്‍ത്തുന്നില്ല. എന്നാല്‍ കെജ്രിവാള്‍ ഷഹീന്‍ ബാഗ് സ്‌പോണ്‍സര്‍ ചെയ്ത് ബിരിയാണി നല്‍കുന്ന തിരക്കിലാണ്. ഷഹീന്‍ ബാഗ് ഒരു മുടന്തന്‍ ന്യായമാണ്. ആര്‍ട്ടിക്കിള്‍ 370 നീക്കിയതും, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മത്തിനും എതിരെ പ്രതിഷേധിക്കുകയാണ് വേണ്ടത്. അവരുടെ പ്രശ്‌നം നമുക്ക് മനസ്സിലാകും. മുത്തലാഖ് വിലക്കിയതാണ് അവരുടെ പ്രശ്‌നം’, ആദിത്യനാഥ് ആരോപിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ പാകിസ്ഥാനും, അരവിന്ദ് കെജ്രിവാളിനുമാണ് വേദനിച്ചതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്ന യുപി മുഖ്യനെ ഡല്‍ഹി പ്രചരണങ്ങളില്‍ നിന്നും വിലക്കണമെന്ന് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.