ന്യൂഡല്‍ഹി: പാക്ക് സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ ഇന്ത്യ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് അനുമതി നിഷേധിച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. തീര്‍ഥാടക സംഘത്തെക്കാണാന്‍ പാക്കിസ്ഥാനിലെ ഗുരുദ്വാരയിലേക്കുപോയ നയതന്ത്ര പ്രതിനിധിയോട് മടങ്ങിപ്പോകാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കൂടാതെ സിഖുകാരുടെ പുണ്യസ്ഥലമായ ഗുരുദ്വാര സന്ദര്‍ശിക്കുന്നതില്‍ നിന്ന് തീര്‍ഥാടക സംഘത്തെ പാക്കിസ്ഥാന്‍ തടയുകയും ചെയ്തു.
1800 സിഖ് തീര്‍ഥാടകര്‍ ഉള്‍പ്പെട്ട സംഘമാണ് ഏപ്രില്‍ 12 മുതല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. അതിനിടെ വ്യക്തമായ മര്യാദകേടാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. നയതന്ത്ര ബന്ധം സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷനിലെ ധാരണകളുടെ ലംഘനമാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
നയതന്ത്ര പ്രതിനിധികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രശ്നം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കഴിഞ്ഞ ദിവസം പാക്ക് അധികൃതര്‍ മടക്കി അയച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 12 ന് വാഗാ റെയില്‍വെ സ്റ്റേഷനില്‍വച്ചും ഏപ്രില്‍ 14 ന് പാകിസ്ഥാനിലെ ഗുരുദ്വാരയില്‍വച്ചും തീര്‍ഥാടകരെ കാണാന്‍ ശ്രമിച്ച ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെയാണ് പാക്കിസ്ഥാന്‍ തടഞ്ഞത്.