കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിക്കുറച്ചു. മൂന്ന് വര്‍ഷത്തില്‍ നിന്ന് 18 മാസമായാണ് വിലക്ക് വെട്ടിക്കുറച്ചത്. മുന്‍ പാക് സുപ്രീം കോടതി ജഡ്ജ് ജസ്റ്റീസ് ഫഖിര്‍ മുഹമ്മദ് കോഖറാണ് ഉമ്മറിന്റെ അപ്പീല്‍ പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കിയത്. ഇതോടെ 2021 ആഗസ്റ്റ് മാസം വരെയേ അക്മലിന് വിലക്കുണ്ടാകൂ.
ഒത്തുകളി സംഘം സമീപിച്ചത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിനാണ് ഉമ്മറിനെ മൂന്ന് വര്‍ഷത്തേക്ക് നേരത്തെ വിലക്കിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിക്കാന്‍ സംഘം സമീപിച്ച വിവരം അദ്ദേഹം പിസിബിയെ അറിയിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പിസിബിയുടെ ഡിസിപ്ലിനറി പാനലിന്റെ ചെയര്‍മാന്‍ ഫസല്‍ ഇ മിറാന്‍ ചൗഹാനാണ് ഉമ്മറിന് മൂന്ന് വര്‍ഷത്തെ വിലക്ക് വിധിച്ചത്.