അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെയാണ് കുപ്വാരയിലെ നൗഗാമിലും പൂഞ്ചിലും പാക് സൈന്യത്തിന്റെ ഭാഗത്തു നിന്ന് ആക്രമണമുണ്ടായത്. നൗഗാം മേഖലയില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂഞ്ചില്‍ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പ്രതികരിച്ചു. പരിക്കേറ്റവരെ സൈന്യത്തിന്റെ ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണരേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലേക്കും പാകിസ്താന്‍ മോര്‍ട്ടാര്‍ ആക്രമണവും വെടിവെപ്പും തുടരുകയാണ്. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

Top