പാക് അഭയാര്‍ത്ഥി ബോട്ട് അപകടം; 12 പേര്‍ രക്ഷപ്പെട്ടു

പാകിസ്ഥാനില്‍ നിന്നും മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു കൂട്ടം മനുഷ്യര്‍ മെഡിറ്ററേനിയന്‍ കടലില്‍ ഗ്രീസിന് സമീപത്ത് തുരുമ്പിച്ച മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മരിച്ചത്. ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 300 പേര്‍ മരിച്ചതായി പാകിസ്ഥാന്‍ സെനറ്റ് ചെയര്‍മാന്‍ മുഹമ്മദ് സാദിഖ് സംജ്രാനി അറിയിച്ചു.

എന്നാല്‍, ഈ കണക്ക് അംഗീകരിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ചവര്‍ക്ക് അനുശോചന മറിയിച്ച് പാകിസ്ഥാന്‍ ഇന്നലെ രാജ്യത്ത് ദുഖാചരണം നടത്തി. എന്നാല്‍, കഴിഞ്ഞ ആഴ്ചയില്‍ ബോട്ട് പുറപ്പെടുമ്പോള്‍ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടക്കം 750 ഓളം പേരുണ്ടായിരുന്നതായി ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി വിഭാഗം അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു നടന്നതെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തരകാര്യ കമ്മീഷണര്‍ യിവ ജോഹാന്‍സന്‍ പറഞ്ഞത്. 1914 ല്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് പോയ കൊമകതമാരു എന്ന കപ്പല്‍ അപകടത്തോടാണ് ഈ അപകടത്തെയും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ ഉപമിക്കുന്നത്.

അപകടത്തില്‍പ്പെട്ട 12 പേരെ രക്ഷപ്പെടുത്തിയെന്നും രക്ഷപ്പെട്ടവരില്‍ കുട്ടികളോ സ്ത്രീകളോ ഇല്ലെന്നും പ്രാദേശക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 298 പാകിസ്ഥാനികള്‍ മരിച്ചെന്നും 135 പേര്‍ പാക് കശ്മീരികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അഭയാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഗ്രീസ് പരാജയപ്പെട്ടെന്ന് ഇതിനിടെ പാകിസ്ഥാന്‍ ആരോപണം ഉയര്‍ത്തി. അപകടത്തില്‍പ്പെട്ട ബോട്ടില്‍ എത്രപേരുണ്ടായിരുന്നുവെന്നതിന് കൃത്യമായി കണക്കുകള്‍ ഇതുവരെ ലഭ്യമല്ല.അഭയാര്‍ത്ഥികളെ അനധികൃത കൂടിയേറ്റത്തിന് സഹായിച്ച ഒമ്പത് പേരെ പിടികൂടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ കുറേ ദശകങ്ങളായി ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഏറെ പ്രതിസന്ധി നേരിടുന്നതിനിടെയാണ് സംഭവം. മാത്രമല്ല, ‘ഇംഗ്ലീഷ് ചാനല്‍ വഴി ബോട്ടില്‍ വരുന്ന അനധികൃത കുടിയേറ്റക്കാര്‍’ക്കായി നിരീക്ഷണം വര്‍ദ്ധിപ്പിക്കാന്‍ അതിര്‍ത്തി സുരക്ഷയ്ക്ക് ബ്രിട്ടീഷ് മന്ത്രി സുല്ല ബ്രാവര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. യൂറോപ്യന്‍ യൂണിയനും യുഎസും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ കര്‍ശന നിലപാടുകളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നിലവിലുള്ളത്.

Top