തീവ്രവാദികളെ ‘സഹായിക്കുന്നത്’ നിര്‍ത്താന്‍ പാകിസ്ഥാന് 4 മാസം; തോറ്റാല്‍ കരിമ്പട്ടികയില്‍

അടുത്ത നാല് മാസത്തിനുള്ളില്‍ പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് എട്ട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സമയം അനുവദിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തിയ പാരീസ് ആസ്ഥാനമായ എഫ്എടിഎഫ് കടുത്ത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്ത നാല് മാസം കഴിഞ്ഞ് ഈ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഫലം എതിരായാല്‍ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കുന്നത് തടയല്‍,തുടങ്ങിയ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഇസ്ലാമാബാദ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതോടെയാണ് 2018 ജൂണില്‍ പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ തിരിച്ചെത്തിച്ചത്. 15 മാസം കൊണ്ട് ചെയ്തുതീര്‍ക്കാന്‍ 27 ഇന പരിപാടിയാണ് അന്ന് പാകിസ്ഥാന് മുന്നില്‍ വെച്ചത്.

എന്നാല്‍ അനുവദിക്കപ്പെട്ട അവസാന തീയതികളെല്ലാം പൂര്‍ത്തിയായപ്പോഴും പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് കരിമ്പട്ടികയില്‍പ്പെടുമെന്ന ഭീഷണി ഇവര്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. അതിവേഗത്തില്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കടുപ്പമേറിയ ഉപരോധങ്ങളും, സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാകുകയും ചെയ്യും. നിലവില്‍ ഇറാനും, നോര്‍ത്ത് കൊറിയയുമാണ് കരിമ്പട്ടികയിലുള്ളത്.

39 അംഗ എഫ്എടിഎഫ് പ്ലീനറിയില്‍ പാകിസ്ഥാന്‍ ചെയ്തുതീര്‍ക്കേണ്ട 27 ഇനങ്ങളില്‍ 13 എണ്ണത്തിലും തോറ്റതായി കണ്ടെത്തി. തുര്‍ക്കി ഒഴികെയുള്ള എല്ലാ രാജ്യങ്ങളും പാക് മണ്ണിലെ തീവ്രവാദി ഫണ്ടിംഗ് പരിപാടിയില്‍ ഗുരുതര ആശങ്ക രേഖപ്പെടുത്തി.

Top