Pak shifts masterminds to safe place

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമാന്‍ഡോ സംഘം റാഞ്ചുമെന്നു പേടിച്ച് തീവ്രവാദി നേതാക്കളായ ഹാഫിസ് സയീദിനെയും സയ്യിദ് സലാഹുദ്ദീനെയും പാക് സൈന്യം സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.

ലഷ്‌ക്കര്‍ എ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിനെയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയ്യിദ് സലാഹുദ്ദീനെയും ഇന്ത്യന്‍ സേന ലക്ഷ്യം വെക്കുമെന്നു മനസിലാക്കിയാണ് ഇരുവരെയും ലാഹോര്‍ ആസ്ഥാനമായ നാലാം കോര്‍പ്പിന്റെ സംരക്ഷണയിലേക്കു മാറ്റിയത്. പാക് സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളാണ് സിവിലിയന്‍ വേഷത്തില്‍ ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നത്.

ഒസാമ ബില്‍ ലാദനെ ആബട്ടാബാദിലെ രഹസ്യതാവളത്തിലെത്തി യു.എസ് മറീനുകള്‍ കൊലപ്പെടുത്തി മൃതദേഹവുമായി കടന്ന ഓപ്പറേഷന്‍ മാതൃകയില്‍ ഇന്ത്യയും സൈനികനീക്കം നടത്തുമെന്ന ഭീതിയിലാണ് പാക് സൈന്യം.

ഇന്ത്യ അതിര്‍ത്തികടന്ന് സൈനികനീക്കം നടത്തിയിട്ടില്ലെന്ന് പാക് സൈന്യത്തിന്റെ വിശദീകരണം തെറ്റെന്നുതെളിയിക്കുന്ന പാക് സൈനിക വിഭാഗങ്ങള്‍ നടത്തിയ റേഡിയോ സംഭാഷണ രേഖകളും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു.

സൈനിക ആക്രമണത്തോടെ അതിര്‍ത്തിയില്‍ നിന്നും അര മുതല്‍ ഒന്നര കിലോ മീറ്ററിനുള്ളിലുണ്ടായിരുന്ന തീവ്രവാദ കേന്ദ്രങ്ങളെല്ലാം എട്ടു കിലോ മീറ്റര്‍ വരെ ഉള്‍ഭാഗത്തേക്ക് പാക് സൈന്യത്തിന്റെ സഹായത്തോടെ മാറ്റിയിട്ടുണ്ട്.

പാക് അധീന കാാശ്മീരിലെ നാലു തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തില്‍ കനത്ത നാാശം സംഭവിച്ചത് ലഷ്‌ക്കര്‍ എ തൊയ്ബക്കാണ്. ഓരോ കേന്ദ്രത്തിലും 10 മുതല്‍ 15വരെ പേരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ പാക് സൈനികവാഹനത്തില്‍ നീക്കം ചെയ്ത് നീലം താഴ്‌വരയില്‍ കൂട്ടസംസ്‌ക്കാരം നടത്തുകയായിരുന്നു.

മുംബൈ സ്‌ഫോടന പരമ്പരയില്‍ ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും പാക് രഹസ്യ ഏജന്‍സിയായ ഐ.എസ്.ഐയുടെ സംരക്ഷണയിലാണ്.

Top