പാക്ക് ഭീകരരുടെ ശവപറമ്പാകും ഇനി ഇന്ത്യൻ അതിർത്തി; വരുന്നു ‘കവച്ച് ‘

kashmir

ന്യൂഡല്‍ഹി: പാക്ക് ഭീകരരുടെ നുഴഞ്ഞ് കയറ്റം തടയാന്‍ ഇന്ത്യയുടെ ‘കവച്ച് ‘ പ്രതിരോധം.

ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ സുരക്ഷാ മതില്‍ ഭീകരര്‍ക്ക് ശവപറമ്പ് തീര്‍ക്കും.

ഭീകര സാന്നിധ്യം കൃത്യമായി കണ്ടെത്തി ആക്രമിക്കാന്‍ സൈന്യത്തിന് ഏറെ സഹായകമാവുന്ന പദ്ധതി ഇതിനകം തന്നെ ചില മേഖലകളില്‍ സ്ഥാപിച്ചു കഴിഞ്ഞു.

നിലവിലുള്ള സുരക്ഷാ മതിലുകള്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഇത് പൂര്‍ണമായും അദൃശ്യമല്ല. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മൂലം ഇത് എല്ലായിപ്പോഴും പ്രായോഗികവുമല്ല. ഇതിനെക്കാള്‍ ഒരു ചുവട് മുന്നിലാണ് ഇന്‍ഫ്രാറെഡ് മതിലുകള്‍. മാത്രമല്ല സ്ഥാപിക്കാന്‍ കുറച്ചു സമയം മതിയാകും. വൈദ്യുതി മുടങ്ങിയാലും 12 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. പരീക്ഷണ അടിസ്ഥാനത്തില്‍ ജമ്മുവിലെ സാംബ സെക്ടറില്‍ ഇത് സ്ഥാപിച്ചതായി ബി.എസ്.എഫ് അറിയിച്ചിട്ടുണ്ട്.

വെള്ളത്തിലും ചില്ലുപോലുള്ള പ്രതലങ്ങളിലും അടക്കം ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ഈ സുരക്ഷാ ക്രമീകരണം ഉപയോഗിക്കാനാവും.

സേനയ്ക്ക് അവരുടെ ഔട്ട്പോസ്റ്റില്‍ നിന്നുതന്നെ അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായാല്‍ തിരിച്ചറിയാനും നിരീക്ഷിക്കാനുമാകും.

മാത്രമല്ല, പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്താനും സാധിക്കും. എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ഉപകരണങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കും. സുരക്ഷാ ചുമതലയുള്ള സൈനികനുമായി ആശയവിനിമയം നടത്താനും ഈ നെറ്റ്വര്‍ക്കിലൂടെ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

Top