ഇസ്ലാമാബാദ്: മന്‍മോഹന്‍ സിങ്ങിനെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചതാണ് ഇക്കാര്യം.
ഉദ്ഘാടന ചടങ്ങ് വിപുലമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. മന്‍മോഹന്‍ സിങ്ങിനെ ചടങ്ങിലേക്ക് ക്ഷണിക്കും. സിഖ് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് ഉടന്‍ ക്ഷണപത്രം അയക്കുമെന്നും ഖുറേഷി വ്യക്തമാക്കി. സിഖ് തീര്‍ഥാടകരെ സ്വീകരിക്കുന്നതില്‍ അതീവ സന്തോഷമാണ് ഉള്ളതെന്നും ഖുറേഷി പറഞ്ഞു.
എന്നാല്‍ മന്‍മോഹന്‍ സിങ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയെ പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലുള്ള ഗുരുനാനാക്ക് ദേരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ കര്‍താര്‍പുര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ ഇടനാഴി അവസരം ഒരുക്കും. പെര്‍മിറ്റ് എടുക്കുക മാത്രമാകും തീര്‍ഥാടകര്‍ ചെയ്യേണ്ടിവരിക. ഇന്ത്യയിലെ സിഖ് തീര്‍ഥാടകര്‍ക്കുവേണ്ടി നവംബര്‍ ഒമ്പതിന് ഇടനാഴി തുറക്കാനാണ് പാക്കിസ്ഥാന്‍ നിശ്ചയിച്ചിട്ടുള്ളത്.