ന്യൂഡല്‍ഹി: പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലും വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ്പെടുത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധം പൂര്‍ണ്ണമായും നിലയ്ക്കും.
ഉറി ആക്രമണത്തിന്റേയും കഴിഞ്ഞദിവസം നടന്ന സൈനീകാക്രമണത്തിന്റേയും പശ്ചാത്തലത്തിലാണ് ഇത്.
നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ പാകിസ്താനിലേക്ക് വിമാന സര്‍വീസ് നടത്തുന്നില്ല. ഓരോ ആഴ്ചയും പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഒരെണ്ണം ഡല്‍ഹിയില്‍ നിന്ന് കറാച്ചിയിലേക്കും രണ്ടെണ്ണം ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്കും മറ്റൊന്ന് മുംബൈയില്‍ നിന്ന് കറാച്ചിയിലേക്കുമാണ്.
ഇതിനു പുറമെ ബംഗ്ലാദേശ് അടക്കമുള്ള മറ്റിടങ്ങളിലേക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പാകിസ്താന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. പാക് വ്യോമാതിര്‍ത്തി വഴി സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങളുടെതടക്കമുള്ള കണക്കുകളും പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിച്ചു വരുന്നുണ്ട്. നിയന്ത്രണമേര്‍പ്പെടുത്തുന്നതോടെ ഇന്ത്യയുടെ പാക് വ്യോമാതിര്‍ത്തിയിലൂടെയുള്ള സര്‍വീസുകളും നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരിച്ചടി നേരിടുമെന്ന് പാകിസിതാന്റെ വെല്ലുവിളിയെ തുടര്‍ന്ന് അതിര്‍ത്തിയിലടക്കം അതീവ ജാഗ്രത നിര്‍ദ്ദേശമാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. പാകിസ്താനുമായി ജലം പങ്കിടുന്ന സിന്ധുനദീജല കരാര്‍ പുനപരിശോധിക്കുമെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ കരാര്‍ റദ്ദാക്കില്ലെന്നും എന്നാല്‍ പാക് ഉടമസ്ഥതയിലുള്ള നദികളില്‍ നിന്നും ഇന്ത്യ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.