പാക്കിസ്ഥാനിൽ സൈനിക അട്ടിമറി ? ആശങ്ക വ്യാപകം

ഇസ്ലാമബാദ് : വീണ്ടുമൊരു സൈനീക അട്ടിമറി ഭീഷണിയുമായി പാക്കിസ്ഥാന്‍ സൈന്യാധിപന്‍ ഖമര്‍ ജാവേദ് ബജ്വ. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അസാന്നിദ്ധ്യത്തില്‍ സൈനീക മേധാവി രാജ്യത്തെ പ്രധാന വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇത്തരം ഒരു ആശങ്കയിലേക്ക് നീങ്ങിയത്. ബ്ലൂംബെര്‍ഗാണ് ഈ യോഗം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് അടുത്തിടെ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെയും സുരക്ഷ ചുമതല 111 ബ്രിഗേഡിലെ പട്ടാളക്കാര്‍ക്കാണ്. പാകിസ്ഥാനില്‍ നടന്ന നാല് പട്ടാള അട്ടിമറികളില്‍ രണ്ടെണ്ണത്തിലും 111 ബ്രിഗേഡിലെ പട്ടാളക്കാരുടെ പങ്കാളിത്തം നിര്‍ണായകമായിരുന്നു.

1947ല്‍ രൂപീകരിക്കപ്പെട്ട ശേഷം ഒട്ടേറെ തവണ പട്ടാള അട്ടിമറിക്ക് പാകിസ്ഥാന്‍ സാക്ഷിയായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ പാകിസ്ഥാന്‍ തകരുമെന്നാണ് സൈന്യത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട കടുത്ത ചില തീരുമാനങ്ങള്‍ പാക് സൈന്യം എടുത്തിട്ടുമുണ്ട്. 1958, 1969, 1977, 1999 വര്‍ഷങ്ങളിലാണ് രാജ്യത്ത് പട്ടാള അട്ടിമറികള്‍ നടന്നത്.

അതേസമയം, സൈന്യത്തിന് പാകിസ്ഥാനില്‍ മേല്‍ക്കോയ്മ വരുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. പാക് അധീന കശ്മീര്‍ കഴിഞ്ഞമാസം ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ച വേളയിലും സൈനിക മേധാവി കൂടെയുണ്ടായിരുന്നു.

Top