pakistan army chief praises success of indian democracy

ഇസ്ലാമാബാദ്: ഇന്ത്യന്‍ ജനാധിപത്യത്തെയും പ്രത്യേകതയെയും കുറിച്ച് ഇന്ത്യാക്കാര്‍ വാനോളം പുകഴ്ത്താറുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലനാകുന്ന പാകിസ്താന്‍ കരസേന മേധാവിയുടെ പ്രസംഗം ചര്‍ച്ചയാകുന്നു.

രാഷ്ട്രീയത്തില്‍ നിന്ന് സൈന്യത്തെ മാറ്റി നിര്‍ത്തുന്നതില്‍ ഇന്ത്യ കൈവരിച്ച വിജയത്തെ കുറിച്ചുള്ള പുസ്തകം വായിക്കാന്‍ സൈനികരോട് കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടു.

കരസേന മേധാവിയായി ചുമതലയേറ്റ ശേഷം സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ച ആദ്യ ചടങ്ങിലാണ് ജാവേദ് ബജ്വ സൈന്യം രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും വെച്ചു പുലര്‍ത്തേണ്ട അകലത്തെ ഓര്‍മ്മിപ്പിച്ച് സംസാരിച്ചത്.

സൈന്യത്തിന് ഒരു സര്‍ക്കാരിനെയും നിലനിര്‍ത്തേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ റാവല്‍പിണ്ടി ഗാരിസണില്‍ സൈനിക മേധാവിയായ ശേഷം സൈനികരെ അഭിസംബോധന ചെയ്ത് ആദ്യമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലര്‍ക്ക് പ്രസംഗം അദ്ദേഹത്തിന്റെ വിശാലമായ മനസ്സും മികവാര്‍ന്ന ദര്‍ശനവും ആയി അനുഭവപ്പെട്ടപ്പോള്‍ മറ്റ് ചില സൈനികര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയെന്ന് പാകിസ്താനിലെ ദി നേഷന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയെ കുറിച്ച് വായിക്കുകയും അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബജ്വ എന്നാണ് പൊതുവെയുള്ള സംസാരം. 1992ല്‍ നിയന്ത്രണ രേഖയില്‍ സേവനമനുഷ്ടിച്ച കാലയളവില്‍ തുടങ്ങിയതാണ് അദ്ദേഹത്തിന് ഇന്ത്യേയോടുള്ള സ്‌നേഹം.

അദ്ദേഹത്തിന്റെ പ്രസംഗം വിവാദമായതോടെ മുന്‍ ബ്രിഗേഡ് ഫിറോസ് ഖാന്‍ വിശദീകരണവുമായി രംഗത്ത് വന്നു. ‘പാകിസ്താനില്‍ ഉന്നത പദവി വഹിക്കുന്ന ആര്‍ക്കും യുക്തി ഭദ്രമല്ലാത്ത അന്ധമായ ഇന്ത്യാ വിരോധമില്ലെന്ന്’ ഫിറോസ് ഘാന്‍ പറഞ്ഞു

Top