ദില്ലി: ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തില്‍ കോഴിക്കോടാണ് പരിശോധന നടന്നത്. പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ അറിയിച്ചു.
കേരളം കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ വര്‍ഷം ബീഹാറില്‍ പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രാജ്യത്തെ വിവിധയിടങ്ങളില്‍ സ്‌ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്തിയ അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ ഈ വര്‍ഷം ആദ്യം ഡാനീഷിനെതിരെ എന്‍ഐഎ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു.