ന്യൂഡല്‍ഹി: വെള്ളിയാഴ്ച ആരംഭിക്കുന്ന കബഡി ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്ക്.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് ഈ നടപടിയെന്ന് രാജ്യാന്തര കബഡി ഫെഡറേഷന്‍ മേധാവി ദ്യോരാജ് ചതുര്‍വേദി അറിയിച്ചു. പാക്കിസ്ഥാന്‍ ഫെഡറേഷനിലെ നിര്‍ണായക അംഗമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും താല്‍പര്യം മുന്നില്‍ കണ്ട് പാകിസ്താനെ മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് ചതുര്‍വേദി പറഞ്ഞു.
അതേസമയം, ഫെഡറേഷന്റെ നടപടിയെ പാക്കിസ്ഥാന്‍ വിമര്‍ശിച്ചു. ഫെഡറേഷന്റെ നടപടി അനുചിതമാണ്. സുരക്ഷാ കാരണത്താലാണെങ്കില്‍ പാക്കിസ്ഥാനെ മാത്രമല്ല, ഇന്ത്യയേയും വിലക്കുകയാണ് വേണ്ടത്. കബഡിയില്‍ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കുന്നത് ബ്രസീല്‍ ഇല്ലാത്ത ഫുട്‌ബോള്‍ മത്സരം പോലെയാണ്. പാക്കിസ്ഥാനില്ലാതെ കബഡി ലോകകപ്പ് പൂര്‍ണ്ണമാകില്ലെന്നും പാക്കിസ്ഥാന്‍ കബഡി ഫെഡറേഷന്‍ സെക്രട്ടറി റാണ മുഹമ്മദ് സര്‍വാര്‍ പ്രതികരിച്ചു.
വിയറ്റ്‌നാമില്‍ നടന്ന ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ച പാകിസ്താന് ലോകകപ്പിലും ഇന്ത്യയ്‌ക്കെതിരെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പാക് ക്യാപ്റ്റന്‍ നസീര്‍ അലി പറഞ്ഞു.
വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ അഹമ്മദാബാദിലാണ് നടക്കുന്നത്. 12 രാജ്യങ്ങളാണ് മാറ്റുരയ്ക്കുക. ആദ്യമത്സരത്തില്‍ ഇറാന്‍ അമേരിക്കയും ഏറ്റുമുട്ടും. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, പോളണ്ട്, കെനിയ, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് മറ്റ് മത്സരാര്‍ത്ഥികള്‍.