രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമപരമായല്ല; മുഷ്റഫിന്റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

ലാഹോര്‍: രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ പാക്കിസ്ഥാന്‍ സൈനിക സ്വേച്ഛാധിപതി റിട്ടയേര്‍ഡ് ജനറല്‍ പര്‍വേസ് മുഷ്റഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമപരമായല്ലെന്നും കോടതി നിരീക്ഷിച്ചു.

ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇസ്ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍ 17-നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് സര്‍ക്കാര്‍ 2013 ല്‍ ഫയല്‍ചെയ്ത കേസിലായിരുന്നു വിധി.

പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ സേത്ത്, സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നാസര്‍ അക്ബര്‍, ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് കരീം എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്.
2007 ല്‍ മുഷറഫ് ഭരണഘടന മരവിപ്പിക്കുകയും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസാണിത്.

Top