26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിന് പാക് കോടതി വക 5 വര്‍ഷം തടവ്!

hafiz-saeed

തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ ജമാത്ത് ഉദ് ദാവ മേധാവി ഹഫീസ് സയിദിന് പാകിസ്ഥാന്‍ കോടതി വക അഞ്ച് വര്‍ഷം തടവ് ശിക്ഷ. തനിക്കും, സഹകുറ്റവാളികള്‍ക്കും എതിരായ ആറ് തീവ്രവാദ ധനസഹായ കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്ന 26/11 മുംബൈ ഭീകരാക്രണത്തിലെ സൂത്രധാരന്റെ ആവശ്യം കോടതി അനുവദിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ ശേഷം വിധി പ്രസ്താവിക്കണമെന്ന ആവശ്യവും കോടതി അനുഭാവപൂര്‍വ്വം പരിഗണിച്ചു.

ഡിസംബര്‍ പതിനൊന്നിനാണ് തീവ്രവാദ ധനസഹായ കേസുകളില്‍ വിചാരണ നടത്തിയ തീവ്രവാദ വിരുദ്ധ കോടതി ഹഫീസ് സയിദിനെയും, മറ്റുള്ളവരെയും പ്രതികളാക്കിയത്. ഹര്‍ജി പ്രകാരം ഹഫീസ് സയിദ്, സഫര്‍ ഇഖ്ബാല്‍, യാഹ്യ അസീസ്, അബ്ദുള്‍ റെഹ്മാന്‍ മക്കി എന്നിവര്‍ക്ക് എതിരെ തീവ്രവാദികള്‍ക്ക് ഫണ്ടിംഗ് നല്‍കിയ നാല് കേസുകള്‍ ഇതേ കോടതിക്ക് മുന്‍പാകെ പരിഗണനയിലുണ്ട്.

ആറ് കേസുകളില്‍ വിചാരണ പൂര്‍ത്തിയായ ശേഷം ഈ കേസുകളിലും അന്തിമവിധി പുറപ്പെടുവിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജമാത്ത് ഉദ് ദാവ നേതാക്കള്‍ക്ക് എതിരെയുള്ള ദൃക്‌സാക്ഷികളെ ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിചാരണ പൂര്‍ത്തിയായ മറ്റ് രണ്ട് കേസുകളിലെ വിധി പുറപ്പെടുവിക്കാന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആഗോള ഭീകരന്റെ നിലപാടാണ് സ്വീകരിച്ചത്.

ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹഫീസ് സയിദിന് പാകിസ്ഥാനില്‍ സുഖജീവിതമാണെന്ന് ഇന്ത്യ ആരോപിക്കുന്നുണ്ട്. പാക് മണ്ണ് തീവ്രവാദികളുടെ കേന്ദ്രമാണെന്ന ആരോപണത്തിന് എതിരെ നടപടി സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്നാണ് കരുതുന്നത്.

Top