ഇമ്രാൻ ഖാനെതിരായ ഭീകരവാദ കുറ്റം പാക് കോടതി റദ്ദാക്കി 

ഇസ്‌ലാമാബാദ്‌: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ തീവ്രവാദ കുറ്റങ്ങൾ റദ്ദാക്കാൻ കോടതി ഉത്തരവ്. ഖാനെതിരായ ആരോപണങ്ങൾ തീവ്രവാദ കുറ്റങ്ങൾ ചുമത്താൻ സാധിക്കുന്നവയല്ലെന്ന് നിരീക്ഷിച്ച് ഇസ്‌ലാമാബാദ്‌ ഹൈക്കോടതിയാണ് തിങ്കളാഴ്ച ഉത്തരവിട്ടത്.

ഇസ്‌ലാമാബാദ്‌ അഡീഷനൽ സെഷൻസ് ജഡ്ജിക്കും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഖാനെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം ഭീകരവാദ കുറ്റം ചുമത്തിയത്. ആ​ഗസ്റ്റ് 20ന് ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സദ്ദാർ മജിസ്ട്രേറ്റ് അലി ജാവേദ് നൽകിയ പരാതിയിലായിരുന്നു നടപടി.

ഇസ്‌ലാമാബാദ്‌ മർ​ഗല്ല പൊലീസാണ് ഖാനെതിരെ കേസെടുത്തത്. തുടർന്ന് ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും സർക്കാർ നടത്തിയിരുന്നു. ഖാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ അഡീഷണൽ സെഷൻസ് ജഡ്ജിയെയും ഭീഷണിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെയും ജുഡീഷ്യറിയെയും അവരുടെ നിയമപരമായ ബാധ്യതകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുക എന്നതാണ് ഭീഷണിയുടെ പ്രധാന ലക്ഷ്യം- എഫ്ഐആറിൽ പറയുന്നു.

കേസിൽ മൂന്ന് ദിവസത്തേക്ക് ട്രാൻസിറ്റ് ജാമ്യത്തിലൂടെ ആഗസ്ത് 22ന് ഖാന് താൽക്കാലിക ആശ്വാസം ലഭിച്ചിരുന്നു. പിന്നീട് സെപ്തംബർ 12 വരെ ഇടക്കാല ജാമ്യം നീട്ടിയ കോടതി ഒരു ലക്ഷം രൂപ ബോണ്ടായി സമർപ്പിക്കാനും നിർദേശിച്ചിരുന്നു. വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ തയാറെന്ന് ഇമ്രാന്‍ ഖാന്‍ ആ​ഗസ്റ്റ് 31ന് പറഞ്ഞിരുന്നു.

Top