മുന്‍ പേസര്‍ വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

മുന്‍ പേസര്‍ വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ സെലക്ടര്‍ ഇന്‍സമാം-ഉള്‍-ഹഖ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബര്‍ 30നാണ് ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ഇന്‍സമാം ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.

അഞ്ച് മത്സരങ്ങളടങ്ങിയതാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര. ജനുവരി 12 മുതല്‍ 21 വരെയാണ് മത്സരങ്ങള്‍. റിയാസുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളില്‍ മറ്റ് ദേശീയ സെലക്ടര്‍മാരെ പിസിബി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ചാബ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് കൂടിയായ റിയാസ് 2020 മുതല്‍ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ലെങ്കിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇപ്പോഴും സജീവമാണ്.നേരത്തെ നിരവധി പാക് താരങ്ങളുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റ് തല്‍ഹ റഹ്‌മാനിയുടെ യാസോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ ഇന്‍സമാമിനും ഓഹരി പങ്കാളിത്തമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്‍സമാമിനെതിരേ പിസിബി അന്വേഷണം ആരംഭിച്ചത്. പിന്നീട് അദ്ദേഹം രാജിവച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പര്യടനത്തിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് 38 കാരനായ റിയാസിന്റെ ആദ്യ അസൈന്‍മെന്റ്. ഡിസംബര്‍ 14 മുതലാണ് പാകിസ്ഥാന്റെ എവേ പരമ്പരകള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 14 മുതല്‍ ജനുവരി 7 വരെ ഓസ്ട്രേലിയയിലാണ് പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര കളിക്കുക.

 

Top