ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ മാറ്റം വരുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്

ഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ മാറ്റം വരുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. മധ്യനിര ബാറ്റര്‍ സൗദ് ഷക്കീലിനെ ടീമില്‍ ഉള്‍പ്പെടുത്തി. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മാത്രമാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്.

അവസാന ഏകദിനത്തില്‍ എട്ട് പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. 2022 മാര്‍ച്ചിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിന് അവസരം ലഭിക്കുന്നതും. ഒന്നാകെ ആറ് ഏകദിനങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. അതേസമയം, പതിനേഴംഗ ടീമിലുണ്ടായിരുന്ന തയ്യബ് താഹിറിനെ സ്റ്റാന്‍ഡ് ബൈ താരമാക്കി. പാകിസ്ഥാന് വേണ്ടി താരം ഇതുവരെ കളിച്ചിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ മൂന്ന് മത്സരങ്ങളുടെ ഭാഗമായി.

അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പാകിസ്ഥാന്‍ തൂത്തുവാരുകയായിരുന്നു. ഇതോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്താനും പാകിസ്ഥാനായി. ഓസ്ട്രേലിയയെ പിന്തള്ളിയാണ് പാകിസ്ഥാന്‍ ഒന്നാമതെത്തിയത്. ബാബര്‍ അസമിന് കീഴില്‍ ആദ്യമായിട്ടാണ് പാകിസ്ഥാന്‍ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.

അഫ്ഗാനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാന്‍ 115.8 പോയിന്റുമായി രണ്ടാമതായിരുന്നു. ഇപ്പോള്‍ 118.48 പോയിന്റോടെ ടീം ഒന്നാമതെത്തുകായിരുന്നു. ഓസീസിന് 118 പോയിന്റാണുള്ളത്. പാക് പട ഏഷ്യാകപ്പിനൊരുങ്ങുമ്പോള്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് കളിക്കുക. എന്നാല്‍ ഇന്ത്യയില്‍ കടുത്ത മത്സരമാണ് ടീം നേരിടുക.

Top