pakistan cricket team given clearance to travel to india

ഇസ്‌ലാമാബാദ്/ന്യൂഡല്‍ഹി: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാന്‍ ടീമിന്റെ പങ്കാളിത്തം ഉറപ്പായി. ലോകകപ്പില്‍ പങ്കെടുക്കുന്നതിന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതോടെയാണിത്. ടീം ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെത്തുമെന്നാണ് അവസാന വിവരം. ടീമിന് പൂര്‍ണ സുരക്ഷയൊരുക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് രേഖാമൂലം ഉറപ്പു ലഭിക്കണമെന്ന പാക് സര്‍ക്കാരിന്റെ കടുംപിടിത്തമാണ് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയത്. ഇന്നലെ ബംഗാള്‍ സര്‍ക്കാരും കോല്‍ക്കത്ത പോലീസ് കമ്മീഷണറും പഴുതുകളില്ലാത്ത സുരക്ഷയൊരുക്കാമെന്ന കത്ത് ഐസിസിക്കു സമര്‍പ്പിച്ചതോടെയാണ് ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് (കാബ്) സൗരവ് ഗാംഗുലിയുടെ ഇടപെടലാണ് പ്രശ്‌നപരിഹാരത്തിനു വഴിതെളിയിച്ചത്. ബംഗാള്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും സുരക്ഷാ വാഗ്ദാനം സംബന്ധിച്ച കത്ത് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് നല്കി. ഐസിസി ഇത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറി.

സുരക്ഷാകാര്യത്തില്‍ വ്യക്തമായ ഉറപ്പു ലഭിച്ചതോടെ പിസിബി എക്‌സിക്യൂട്ടീവ് നജീം സേഥി ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ ഖാനുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇതിനുശേഷമാണ് യാത്രാനുമതി നല്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടലുകളും പ്രശ്‌നപരിഹാരത്തിന് സഹായിച്ചു. ഇന്ത്യയിലെത്തുന്ന ടീമുകള്‍ക്കെല്ലാം സുരക്ഷയൊരുക്കുക സര്‍ക്കാരിന്റെ ചുമതലയാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ഭയം വേണെ്ടന്നും രാജ്‌നാഥ് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്‍ശനവും ഐസിസിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു.

കോല്‍ക്കത്തയില്‍ പതിനാറിനാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. യോഗ്യതാറൗണ്ട് കളിച്ചെത്തുന്ന ടീമാണ് എതിരാളികള്‍. 19നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

Top