കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലെ ഇന്ത്യന്‍ പേസ് പടയെ പുകഴ്ത്തി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഇത്രയും കരുത്തുള്ള പേസ് നിരയെ ഇന്ത്യയില്‍ മുന്‍പ് കണ്ടിട്ടില്ലെന്ന് ഇന്‍സമാം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ‘ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റെടുത്ത് ബുംറ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി.
ആദ്യ ഇന്നിങ്സില്‍ ജോ റൂട്ട് അര്‍ധശതകം നേടിയെങ്കിലും ബുംറ അദ്ദേഹത്തെ ഒരിക്കലും മുന്നേറാന്‍ അനുവദിച്ചില്ല. ഷമിയും സിറാജും അടക്കമുള്ള മറ്റ് പേസര്‍മാരും മികച്ചുനിന്നു. ഇങ്ങനെ ഒരു ഇന്ത്യന്‍ ബൗളിങ് നിരയെ ഇതുവരെ കണ്ടിട്ടില്ല. അവര്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകര്‍ത്തുകളഞ്ഞു.” ഇന്‍സമാം പറഞ്ഞു.
അതേസമയം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ അഞ്ചാം ദിനം ഒരു പന്തുപോലുമെറിയാനാവാതെ മഴയെടുത്തതോടെ സമനിലയില്‍ കലാശിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള അദ്യ മത്സരം കൂടിയായ നോട്ടിങ്ഹാം ടെസ്റ്റിന്റെ അവസാന ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ 157 റണ്‍സായിരുന്നു വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ മഴ വില്ലനായെത്തുകയായിരുന്നു.