അയല്‍ക്കാരാണ് ഏറ്റവും വലിയ ശത്രുക്കള്‍ എന്നത് ഇന്ത്യ, പാകിസ്ഥാന്‍ വിഷയത്തില്‍ സുപ്രധാനമായ കാര്യമാണ്. എന്നാല്‍ പാകിസ്ഥാനിലെ രാഷ്ട്രീയ, സൈനിക നേതൃത്വത്തിന് ഇന്ത്യയ്ക്ക് തലവേദന സമ്മാനിക്കാന്‍ ഒരു പ്രത്യേക ആഗ്രഹം തന്നെയുണ്ട്. ഇതിന്റെ ഫലമായി അയല്‍വാസികളായിട്ടും പരസ്പരം പോരടിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയും. ക്രിക്കറ്റില്‍ പോലും ഇതിന്റെ പ്രതിഫലനങ്ങള്‍ ബാക്കിയാകുന്നു.
നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ബ്രിസ്‌ബെയിനിലെ ആദ്യ ടെസ്റ്റില്‍ പാക് പടയെ അനായാസം വീഴ്ത്തിയാണ് ഓസ്‌ട്രേലിയ വിജയം കൊയ്തത്. തോല്‍വിയുടെ നിരാശയ്ക്കിടെ പാക് ടീമിന് കൈയടിക്കുകയാണ് ഓണ്‍ലൈന്‍ ലോകം. ഇതിന് ഇടയാക്കിയത് ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവറുമായി ബന്ധപ്പെട്ട സംഭവമാണ്.
മത്സരത്തിനിടെ ലൈവ് ബ്രോഡ്കാസ്റ്റില്‍ മുന്‍ ഓസീസ് പേസ് താരം മിച്ചല്‍ ജോണ്‍സനോട് ഇംഗ്ലീഷ് കമന്റേറ്റര്‍ ആലിസണ്‍ മിച്ചലാണ് സംഭവം വിശദീകരിച്ചത്. അഞ്ച് പാക് ക്രിക്കറ്റര്‍മാരും, ഒരു ഇന്ത്യന്‍ ടാക്‌സി ഡ്രൈവറും കണ്ടുമുട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓസ്‌ട്രേലിയയില്‍ എത്തിയ പാക് ടീമിലെ ചിലര്‍ക്ക് ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാന്‍ മോഹം തോന്നിയതോടെയാണ് ടീം ഹോട്ടലിലേക്ക് ഈ ടാക്‌സി എത്തിയത്.
ഇന്ത്യക്കാരനായ ഡ്രൈവര്‍ ഇവരെ റെസ്‌റ്റൊറന്റില്‍ എത്തിച്ചു. എന്നാല്‍ ടാക്‌സി കൂലി വാങ്ങാന്‍ ഇദ്ദേഹം തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടെങ്കിലും പണം വേണ്ടെന്ന് പറഞ്ഞതോടെ ഒപ്പം ഭക്ഷണം കഴിക്കാന്‍ ഇന്ത്യക്കാരനെയും പാക് താരങ്ങള്‍ ഒപ്പംകൂട്ടി. ഫോണില്‍ സെല്‍ഫി കൂടി എടുത്താണ് ഡ്രൈവറെ ക്രിക്കറ്റ് താരങ്ങള്‍ യാത്രയാക്കിയത്. എന്തായാലും ഇന്ത്യപാക് സ്‌നേഹഗാഥ കേട്ട ആരാധകരുടെ കണ്ണും, ഹൃദയവും നിറഞ്ഞ അവസ്ഥയിലാണ്.