കൊവിഡ് രോഗികളെ പാക്കിസ്ഥാന്‍ കാശ്മിരിലേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്ന് പൊലീസ്

ശ്രീനഗര്‍: കൊറോണ വൈറസ് ബാധിച്ചവരെ നുഴഞ്ഞ് കയറ്റി ജമ്മു കശ്മീരില്‍ കൊവിഡ് വൈറസ് രോഗം പടര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ദില്‍ബാഗ് സിങ്. കൊറോണ വൈറസ് ബാധിച്ചവരെ പാക്കിസ്ഥാന്‍ കശ്മീരിലേക്കു കടത്താന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ ഗുരുതരമായ വൈറസ് ബാധ കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്താനാണ് പാക്കിസ്ഥാന്റെ നീക്കമെന്നും കശ്മീര്‍ പൊലീസ് മേധാവി വ്യക്തമാക്കി.

ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടേര്‍ബല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ നിരീക്ഷിച്ച ശേഷമായിരുന്നു പൊലീസ് മേധാവിയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ ഇതുവരെ ഭീകരരെയാണ് കശ്മീരിലേക്ക് അയച്ചിരുന്നത്. എന്നാലിപ്പോള്‍ കൊറോണ വൈറസ് രോഗികളെയാണു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ പ്രശ്‌നത്തില്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ കൊവിഡ് രോഗമുള്ളവരെ പാക്ക് അധിനിവേശ കശ്മീരിലേക്ക് എത്തിക്കുകയാണെന്നു വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിന് ഇവരെ തയാറാക്കുകയാണ് ലക്ഷ്യമെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

പാക്ക് അധിനിവേശ കശ്മീരില്‍ 50 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭൂരിഭാഗം രോഗികളും മിര്‍പൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. ഈ മാസം ആദ്യം ഖേരന്‍ സെക്ടര്‍ വഴിയുള്ള നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. അഞ്ച് ഭീകരരാണ് അന്നു വെടിയേറ്റു മരിച്ചത്. അഞ്ച് സൈനികരും വീരമൃത്യു വരിച്ചിരുന്നു.

Top