ഇസ്ലാമാബാദ്: ഇന്ത്യയുടെ ഭൂപടം തെറ്റിച്ച് പ്രസിദ്ധീകരിക്കുന്നവര്‍ക്ക് തടവും പിഴയും ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. ഇന്ത്യയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ യു.എന്നിന് പരാതി നല്‍കിയത്.
ഭൂപടം തെറ്റിച്ച് പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവു ശിക്ഷയും ഒരു കോടി മുതല്‍ നൂറുകോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ കരടാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്.
ജമ്മു കാശ്മീരിനെ അധിനിവേശ കാശ്മീരിന്റെയും അരുണാചല്‍ പ്രദേശിനെ ചൈനയുടെയും ഭാഗമായി ചിത്രീകരിച്ച ഭൂപടങ്ങള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ നീക്കം. സാറ്റലൈറ്റ്, ബലൂണ്‍, ആളില്ലാ വിമാനം തുടങ്ങിയവയുടെ സഹായത്തോടെ ചിത്രമെടുത്ത് ഭൂപടം ഉണ്ടാക്കുന്നവരെയാണ് നിയമം ലക്ഷ്യമിടുന്നത്.
ഇങ്ങനെയുണ്ടാക്കുന്ന ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും. ഇതിനായി രൂപീകരിക്കുന്ന പ്രത്യേക അതോറിട്ടിക്ക് ഫീസടച്ച് അപേക്ഷിക്കണം. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഇതു ബാധകമാകുമെന്നും കരടില്‍ പറയുന്നു.
യു.എന്നിലെ സ്ഥിരം പ്രതിനിധി മുഖാന്തരമാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിനേയും യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനേയും ആശങ്ക അറിയിച്ചത്.
ജിയോ സ്‌പേഷ്യല്‍ റെഗുലേഷന്‍ ബില്‍ 2016 നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യയെ വിലക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി കാണിച്ചിരിക്കുന്നത് തന്നെ യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തിന് എതിരും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
ഇന്ത്യ നിയമം പാസാക്കിയാല്‍, ജമ്മു കാശ്മീരിനെ തര്‍ക്ക പ്രദേശമായി ചിത്രീകരിച്ചിരിക്കുന്ന എല്ലാ വ്യക്തികളും സംഘടനകളും പിഴ നല്‍കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വരും. അതിനാല്‍ തന്നെ ഈ നീക്കത്തില്‍ നിന്ന് ഇന്ത്യയെ വിലക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.