ഇസ്ലാംബാദ്: ധനകമ്മി നിയന്ത്രിക്കുന്നതിനായി പാകിസ്താൻ കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് തയാറെടുക്കുന്നു. ബഡ്ജറ്റ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മായിലാണ് സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സമ്പന്നരിൽ നിന്നും കൂടുതൽ നികുതി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങളും സർക്കാർ ആലോചിച്ചുവരികയാണ്.
പ്രതിരോധ ചെലവുകൾക്കായി 1,523 ബില്യണും സിവിൽ അഡ്മിനിസ്‌ട്രേഷന് 550 ബില്യണും പെൻഷനുകൾക്കായി 530 ബില്യണും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി സബ്‌സിഡികൾ നൽകുന്നതിന് 699 ബില്യൺ നീക്കിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.
എന്നാൽ അതേസമയം സമ്പന്ന വിഭാഗങ്ങൾക്കുള്ള നികുതി വർധിപ്പിക്കുമെന്നും കാറുകളുടെ ഇറക്കുമതി നിരോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർ പുതിയ കാറുകൾ വാങ്ങുന്നത് വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 76 ബില്യൺ ഡോളറിന്റെ ഇറക്കുമതി എന്നത് 70 ബില്യൺ ഡോളറാക്കി ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.