ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ മത്സരിക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ പാക്കിസ്ഥാന് രംഗത്ത്. സംഭവത്തില്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്.
ഇന്ത്യ പ്രാഥമിക റൗണ്ടില്‍ തങ്ങളോട് കളിക്കില്ല എന്ന നിലപാടിലാണ്. അങ്ങനെ ആദ്യ റൗണ്ടില്‍ കളിക്കാതിരുന്നാല്‍ അടുത്ത ഘട്ടത്തില്‍ ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോഴും ഇന്ത്യ ഇതേ നിലപാട് തന്നെയാകില്ലേ സ്വീകരിക്കുകയെന്നും പിസിബി വൃത്തങ്ങള്‍ ചോദിക്കുന്നു.
നേരത്തെ, ലോകകപ്പില്‍ പാക്കിസ്ഥാനുമായി ഒരു മത്സരവും കളിക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. ആദ്യഘട്ടത്തിലാണ് മത്സരമെങ്കില്‍ പാക്കിസ്ഥാന് മത്സരിക്കാതെ തന്നെ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നും ഫൈനലിലാണ് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വരുന്നതെങ്കില്‍ കളിക്കാതെ തന്നെ പാക്കിസ്ഥാന് ലോക ജേതാക്കളാകുമെന്നുമായിരുന്നു ബിസിസിഐ മുന്‍പ് വ്യക്തമാക്കിയിരുന്നത്.